IndiaLatest

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 329ന് പുറത്ത്

“Manju”

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 329 റണ്‍സിന് പുറത്ത്. നാല് താരങ്ങള്‍ അക്കൗണ്ട് പോലും തുറക്കാതെ പുറത്തായ മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയും അര്‍ധസെഞ്ചുറി നേടിയ രഹാനെയുടെയും പന്തിന്റെയും പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 58 റണ്‍സെടുത്ത പന്ത് പുറത്താകാതെ നിന്നു.

രണ്ടാം ദിനം 300ന് ആറ് എന്ന നിലയില്‍ മത്സരം പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് 29 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അവശേഷിച്ച വിക്കറ്റുകള്‍കൂടി നഷ്ടമാവുകയായിരുന്നു. അഞ്ച് റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെ വിക്കറ്റാണ് ഇന്ന് ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നാലെ ഇഷാന്തിനെയും അലി തന്നെ കൂടാരം കയറ്റി. കുല്‍ദീപ് യാദവിനെയും മുഹമ്മദ് സിറാജിനെയും ഒല്ലി സ്റ്റോണ്‍ ഫോക്സിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനുമുമ്പ് തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായെങ്കിലും രോഹിത് ശര്‍മ രക്ഷകനാവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ പുജാരയ്ക്കൊപ്പം ചേര്‍ന്ന് 85 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത താരം ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 21 റണ്‍സുമായി പുജാര പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ നായകന്‍ കോഹ്‌ലിയും പൂജ്യത്തിന് കൂടാരം കയറി.

അപ്പോഴും ക്രീസില്‍ നിലയുറപ്പിച്ച രോഹിത് രഹാനെയെ കൂട്ടുപിടിച്ചാണ് പിന്നീട് മുന്നോട്ട് പോയത്. ടീം സ്കോര്‍ 147ല്‍ എത്തിയപ്പോഴേക്കും രോഹിത്തും സെഞ്ചുറി തികച്ചു. അതുവരെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് ഇതോടെ ചുവട് മാറ്റി. ഇംഗ്ലിഷ് ബോളര്‍മാരെ ഭംഗിയായി നേരിട്ട രോഹിത് 161 റണ്‍സെടുത്ത ശേഷമാണ് മടങ്ങിയത്. 18 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. രോഹിത്തിന് പിന്നാലെ രഹാനെയും മടങ്ങിയതോടെ ഇന്ത്യന്‍ സ്കോറിങ്ങിന്റെ വേഗതയും കുറഞ്ഞു. 67 റണ്‍സുമായി മികച്ച പിന്തുണയാണ് രഹാനെ രോഹിത്തിന് നല്‍കിയത്. ഇംഗ്ലണ്ടിനുവേണ്ടി മൊയിന്‍ അലി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒല്ലി സ്റ്റോണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്ക. ജാക്ക് ലീച്ചിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നായകന്‍ ജോ റൂട്ട് ഒരു വിക്കറ്റും സ്വന്തമാക്കി.

Related Articles

Back to top button