Sports

കപിലിന് ശേഷം ഇതാദ്യം ; നൂറാം ടെസ്റ്റിനായി ഇഷാന്ത് ശർമ്മ

“Manju”

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റിന്റെ പേസ് നിരയ്ക്ക് അഭിമാനമായി ഇഷാന്ത് ശർമ്മ ഇന്ന് ടെസ്റ്റ് ചരിത്രത്തിന്റെ ഭാഗമാകുന്നു. 100 ടെസ്റ്റ് കളിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ പേസ് ബൗളറെന്ന നേട്ടമാണ് ഇഷാന്തിനെ കാത്തിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം കപിൽദേവ് മാത്രമാണ് 100 ടെസ്റ്റുകൾക്ക് മേൽ കളിച്ചിട്ടുള്ളത്. ആകെ 131 ടെസ്റ്റുകൾ കളിച്ചാണ് കപിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നൂറ് ടെസ്റ്റ് ക്ലബ്ബിലേക്ക് കയറുന്ന ഇഷാന്തിന് ആശംസകൾ നേർന്നു. ഇഷാന്തിറങ്ങുന്ന നൂറാം ടെസ്റ്റിനെ ഇന്ത്യയെ നയിക്കുന്ന വിരാട് കോഹ്‌ലിക്കും ഐ.സി.സി ട്വിറ്ററിലൂടെ ആശംസയറിയിച്ചു.

32 കാരനായ ഇഷാന്ത് 2007 മെയ് മാസം 25-ാം തിയതി ബംഗ്ലാദേശിനെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.2006-07 സീസണിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് ഇഷാന്ത് ടീമിന്റെ ഭാഗമായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. 302 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. 74 റൺസിന് 7 വിക്കറ്റ് നേടിയതാണ് കരിയറിലെ മികച്ച നേട്ടം. 2014ൽ ഇംഗ്ലണ്ടിനെ തിരെയാണ് ഇഷാന്ത് മികച്ച ബൗളിംഗ് നടത്തിയത്.

ഇന്ത്യക്കായി ബൗളർമാരിൽ നൂറിലേറെ ടെസ്റ്റുകൾ കളിച്ചവരിൽ ഇഷാന്ത് നാലാം സ്ഥാനത്തുമാണ്. അനിൽകുംബ്ലെ(132), കപിൽ ദേവ്(131), ഹർഭജൻ(103) എന്നിവരാണ് നൂറ് ടെസ്റ്റ് ക്ലബ്ബിലുള്ളവർ. മുന്നൂറിലേറെ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ ഇന്ത്യയിൽ ഇഷാന്തിന്റെ സ്ഥാനം ആറാമത്തേതാണ്. പേസ്ബൗളർമാരിൽ കപിൽ ദേവ്(434), സഹീർഖാൻ(311) എന്നിവരാണ് മുന്നിലുള്ളത്.

ആറടിയിലേറെ ഉയരമുള്ളതാണ് ഇഷാന്തിന്റെ കരുത്ത്. ഒപ്പം അതിവേഗം പന്തെറിയാനുള്ള ക്ഷമത തുടക്കകാലത്ത് ഓസീസ് മുൻതാരം റിക്കിപോണ്ടിംഗിനെയടക്കം തുടർച്ചയായി വിഷമിപ്പിച്ചിരുന്നു. വിക്കറ്റുകൾ അധികം വീഴ്ത്താതെ തന്നെ മുതിർന്നതാരമെന്ന വലിയ പേര് പറഞ്ഞ് പുകഴ്ത്തരുതെന്ന അപേക്ഷയാണ് അഭിമുഖങ്ങളിൽ ഇഷാന്ത് പറയാറുള്ളത്.

Related Articles

Back to top button