IndiaKeralaLatest

കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തയ്യാര്‍ – നരേന്ദ്ര തോമര്‍

“Manju”

ദില്ലി: കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍. നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ വേളയിലാണ് ഭേദഗതിക്ക് തയ്യാറാണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നത്. എന്നാല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തയ്യാറാവുന്നത് കൊണ്ട്, ആ നിയമത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് അര്‍ത്ഥമില്ല. കാര്‍ഷിക നിയമത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അത് കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണ്. പക്ഷേ പ്രതിഷേധം കണക്കിലെടുത്ത് ഭേദഗതി വരുത്താമെന്നും നരേന്ദ്ര തോമര്‍ പറഞ്ഞു.

കര്‍ഷകരുടെ വികാരം മാനിച്ചുകൊണ്ടാണ് ഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറാവുന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. കര്‍ഷക സംഘടനകളുമായി സര്‍ക്കാര്‍ പതിനൊന്ന് തവണ ചര്‍ച്ച നടത്തി. അതില്‍ നിയമ ഭേദഗതി വരുത്താമെന്ന് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ കാര്‍ഷിക സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. കാര്‍ഷിക മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും മേഖലയെ ഉത്തേജിപ്പിക്കുന്നതിനും കാര്‍ഷിക വിളകള്‍ക്ക് വില ഉറപ്പാക്കുന്നതിനുമാണ് നിയമം കൊണ്ടുവന്നതെന്നും തോമര്‍ പറഞ്ഞു.

ജനാധിത്യത്തില്‍ വിയോജിപ്പിനുള്ള അവകാശമുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാവാം. പക്ഷേ രാജ്യത്തിന് ദോഷം വരുത്തുന്ന തരത്തിലാവരുത് എതിര്‍പ്പുകളെന്നും തോമര്‍ പറഞ്ഞു. കാര്‍ഷിക നിയമം നടപ്പാക്കുന്നത് നേരത്തെ സുപ്രീം കോടതി തടഞ്ഞതാണ്. 18 മാസത്തേക്ക് കാര്‍ഷിക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില് നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

Related Articles

Back to top button