KeralaLatest

കഥകളി അരങ്ങേറ്റം കുറിച്ച്‌ മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന്‍

“Manju”

ചേര്‍പ്പ്: അരമണിക്കൂറോളം അരങ്ങില്‍ പാഞ്ചാലിയായി തിളങ്ങി, ഗിരിജാ മാധവന്‍ കഥകളി പ്രേമികളുടെ പ്രശംസ ഏറ്റുവാങ്ങുമ്പോള്‍ മകള്‍ മഞ്ജു വാര്യര്‍ക്ക് അത് അഭിമാന നിമിഷമായി. സാധാരണഗതിയില്‍ നൃത്തപരിപാടികള്‍ക്ക് അമ്മയാണ് അണിയറയിലും അരങ്ങിനുമുമ്പിലും ടെന്‍ഷനടിച്ച്‌ ഇരിക്കാറ് എന്നും ഇന്ന് തനിക്കായിരുന്നു ആ അവസ്ഥയെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

പെരുവനം ക്ഷേത്രത്തിലായിരുന്നു ഗിരിജ മാധവന്റെ കഥകളി അരങ്ങേറ്റം. ശിവരാത്രിയുടെ ഭാഗമായി നടന്ന കല്യാണ സൗഗന്ധികം കഥകളിയില്‍ പാഞ്ചാലിയായാണ് ഗിരിജ അരങ്ങേറ്റം നടത്തിയത്. കഥകളി കാണാനും മഞ്ജു വാരിയര്‍ എത്തുന്നതറിഞ്ഞും ഒട്ടേറെപ്പേര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ഒന്നരക്കൊല്ലം മുമ്പാണ് കലാനിലയം ഗോപിയുടെ ശിക്ഷണത്തില്‍ ഗിരിജാ മാധവന്‍ കഥകളി അഭ്യസിച്ചു തുടങ്ങിയത്. ഊരകം സര്‍ഗശ്രീലകത്തില്‍ കഥകളിപഠനം തുടങ്ങി. കോവിഡ് കാലത്ത് ആറുമാസം ഓണ്‍ലൈനായായിരുന്നു പഠനം. ഗിരിജയ്ക്കൊപ്പം ഭീമനായി ലിന്‍സി അരങ്ങില്‍ ശ്രദ്ധേയയായി. ലവണാസുര വധം ആദ്യരംഗത്ത് ശൈലജ കുമാര്‍ സീതയായി വേഷമിട്ടു. നന്ദന (ലവന്‍), രഹ്ന (കുശന്‍), സനിക, മീനാക്ഷി, അനന്തിക, ആര്യ (പുറപ്പാട്) എന്നിവരും അരങ്ങിലെത്തി.

മഞ്ജുവിനൊപ്പം സഹോദരന്‍ മധു വാരിയരുടെ ഭാര്യ അനു വാരിയര്‍, മകള്‍ ആവണി വാരിയര്‍, ഗുരു കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കലാനിലയം ഗോപി, മേളപ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ തുടങ്ങിയവരും കഥകളി കാണാനെത്തി. പെരിങ്ങോട്ടുകര സര്‍വതോഭദ്രം കലാകേന്ദ്രം ശ്രീ ആവണങ്ങാട്ടില്‍ കളരി കഥകളി ട്രൂപ്പാണ് കഥകളി അവതരിപ്പിച്ചത്.

Related Articles

Back to top button