IndiaLatest

ഇന്ത്യ കയറ്റി അയച്ചത് 6 കോടി വാക്‌സിന്‍ ഡോസ്

“Manju”

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തളയ്ക്കാന്‍ ‘ വാക്സിന്‍ മൈത്രി’ യിലൂടെ ഇന്ത്യ ഇതുവരെ വിതരണം ചെയ്തത് ആറ് കോടി വാക്‌സിന്‍ ഡോസുകള്‍. ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അവരുടെ പ്രതിരോധയജ്ഞത്തിന് മികച്ച പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ 6 കോടി വാക്‌സിന്‍ ഡോസുകള്‍ കയറ്റി അയച്ചത്.

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, ആരോഗ്യ സംബന്ധമായി മുന്‍ഗണന അര്‍ഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുള്ളത്. തദ്ദേശീയമായ വാക്‌സിന്‍ ഉത്പാദനം ഇന്ത്യയില്‍ നടക്കുന്നതിനാല്‍ വാക്‌സിന് വേണ്ടി ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇതുവരെ എഴുപതിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ കയറ്റുമതി ചെയ്തു കഴിഞ്ഞു.

ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗത്തിനാവശ്യമുള്ളതിലധികം ഉത്പാദനം നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന അളവ് വാക്‌സിന്‍ വൈകാതെ പങ്കാളിത്ത രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതെ സമയം രാജ്യത്തിനാവശ്യമായ അളവ് വാക്‌സിന്‍ സംഭരിക്കാന്‍ ഉത്പാദകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അശ്വിനി കുമാര്‍ ചൗബെ രാജ്യസഭയില്‍ ചൊവ്വാഴ്ച വ്യക്തമാക്കി. നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡും ആണ് രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി . 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് വാക്‌സിന്‍ നല്‍കുന്നത്.

Related Articles

Back to top button