Latest

വീട്ടുജോലിയില്‍ നിന്ന് ‘അവധി’യെടുത്ത് മത്സരരംഗത്ത്

“Manju”

വീട്ടുജോലികള്‍ ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന സ്ത്രീയാണ് കലിത മാജി. വരുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള നറുക്ക് വീണുകിട്ടിയതിന്റെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് കലിത ഇപ്പോള്‍. ഈസ്റ്റ് ബര്‍ദമാനിലെ ഓസ്ഗ്രാമിലാണ് കലിത മാജി മത്സരിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായാണ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ കലിതയ്ക്കായി സീറ്റ് അനുവദിച്ചത്.

താന്‍ സഹായിയായി തുടരുന്ന വീടുകളിലെ ജോലിയില്‍ നിന്ന് അവധിയെടുത്താണ് 32 കാരിയായ കലിത തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെന്ന് കലിത പറയുന്നു. പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാദ്ധ്യമാക്കും. തനിക്ക് വേണ്ടി മണ്ഡലത്തില്‍ പ്രചാരണത്തിനായി പ്രധാനമന്ത്രി മോദി എത്തണമെന്ന് ആഗ്രഹിക്കുന്നതായും കലിത പ്രത്യാശ പ്രകടിപ്പിച്ചു. മുമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മുന്‍പരിചയവും കലിതയ്ക്കുണ്ട്. കലിതയുടെ അച്ഛന്‍ ദിവസവേതന തൊഴിലാളിയായിരുന്നു. ഏഴ് സഹോദരിമാരും ഒരു സഹോദരനും ഉള്‍പ്പെടുന്നതാണ് കലിതയുടെ കുടുംബം. കലിതയുടെ മകന്‍ പാര്‍ത്ഥ് എട്ടാം ക്ലാസില്‍ പഠിക്കുന്നു. സാമ്പത്തിക പരിമിതി കാരണം പഠനം പാതിവഴിയിലുപേക്ഷിച്ച കലിത ചെറുപ്പം മുതല്‍ വീട്ടുജോലികള്‍ക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. കലിതയുടെ ഭര്‍ത്താവ് ഒരു പ്ലംബറാണ്.

കലിതയെ കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വേറെയും സ്ഥാനാര്‍ത്ഥികളെ തൃണമൂലിനെതിരായി ബി.ജെ.പി രംഗത്തിറക്കിയിട്ടുണ്ട്. ബാങ്കുര ജില്ലയിലെ സാല്‍ത്തോര മണ്ഡലത്തില്‍ മത്സരിക്കുന്ന ചന്ദന ബൗരി ഇതില്‍പ്പെടുന്നു. ദിവസവേതനക്കാരിയായ ചന്ദന ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നവരില്‍ ഒരാളാണ്. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ചന്ദനയുടെ ഭര്‍ത്താവ് കല്പണിക്കാരനാണ്. കെലായി ഗ്രാമത്തിലെ ഒരു കൊച്ചു മണ്‍വീട്ടിലാണ് ചന്ദനയും കുടുംബവും താമസിക്കുന്നത്.

Related Articles

Back to top button