IndiaLatest

സമ്പൂര്‍ണ ലോക്ക്‌ഡൗണിന് ഒരാണ്ട്; രാജ്യം വീണ്ടും കൊവിഡ് വ്യാപന ഭീതിയില്‍

“Manju”

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2020 മാര്‍ച്ച്‌ 23നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപക അടച്ചിടല്‍ പ്രഖ്യാപിച്ചത്. അടച്ചിടലിന് ഒരു വര്‍ഷമാകുമ്പോള്‍ രാജ്യം കൊവിഡിന്റെ രണ്ടാം വ്യാപന ഭീതിയിലാണ്.

ആദ്യ അടച്ചിടല്‍ 21 ദിവസത്തേക്കായിരുന്നു പ്രഖ്യാപിച്ചത്. പിന്നീട് മേയ് മൂന്നിലേക്കും പതിനേഴിലേക്കും മുപ്പത്തിയൊന്നിലേക്കും നീണ്ടു. ജൂണ്‍ മുതല്‍ ചെറിയ ഇളവുകള്‍ നല്‍കി. ഏഴ് ഘട്ടമായി ഡിസംബര്‍ വരെ അണ്‍ലോക്ക് തുടര്‍ന്നു. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും വിമാന, റെയില്‍ സര്‍വീസുകള്‍ ഇനിയും സാധാരണ നിലയിലായിട്ടില്ല.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇന്നലെ ഇന്ത്യയില്‍ 46,951 പേര്‍ക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്. കഴിഞ്ഞ നവംബര്‍ ഏഴിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്. കഴിഞ്ഞ ഒരാഴ്‌ചയായി കൊവിഡ് രോഗവ്യാപനത്തില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് കാര്യമായി കുറഞ്ഞശേഷം വന്‍ വര്‍ദ്ധനയുണ്ടായത് പരിഗണിക്കുമ്പോള്‍, നിലവിലേത് രണ്ടാം തരംഗമായി കരുതാമെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.

Related Articles

Back to top button