IndiaLatest

മൂന്നാം വട്ടവും ഭ്രമണപഥമുയര്‍ത്തി ചന്ദ്രയാന്‍ 3

“Manju”

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 മൂന്നാമതും ഭ്രമണപഥമുയര്‍ത്തി. നിലവില്‍ 51,400 – 228 കി.മീ ഭ്രമണപഥത്തിലാണ് പേടകമുള്ളത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇന്നലെ 41,603 – 226 കി.മീ ഭ്രമണപഥത്തിലായിരുന്നു പേടകം ഭൂമിയെ വലംവെച്ചിരുന്നത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ രണ്ടിനും മൂന്നിനുമിടയിലാണ് ഭ്രമണപഥം അടുത്തതായി ഉയര്‍ത്തുക. രണ്ട് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തുന്നതോടെ ഭൂമിയുടെ കാന്തികവലയം വിട്ട് പേടകം ചന്ദ്രനിലേയ്ക്ക് യാത്രയാകും.

വിക്ഷേപണ ശേഷം നേരിട്ട് ലക്ഷ്യത്തിലേയ്ക്ക് യാത്ര തിരിക്കുന്നതിന് പകരം പടിപടിയായി ഭൂമിയെ വലംവെച്ച്‌ ഭ്രമണപഥം ഉയര്‍ത്തിയാണ് ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ കാന്തികവലയത്തിലേയ്ക്ക് പ്രവേശിക്കുക. അതിനാല്‍ തന്നെയാണ് ദൗത്യത്തിന് കൂടുതല്‍ ദിനങ്ങള്‍ വേണ്ടിവരുന്നത്. ഇന്ധനചെലവ് അടക്കം കുറയ്ക്കാൻ ഈ രീതി സഹായകമാണ്. മംഗള്‍യാൻ ദൗത്യത്തിലും ഇതേ രീതിയാണ് പിന്തുടര്‍ന്നത്.

ചന്ദ്രയാൻ രണ്ടില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച്‌ നിരവധി മാറ്റങ്ങള്‍ ചന്ദ്രയാൻ മൂന്നില്‍ വരുത്തിയിട്ടുണ്ട്. പ്രധാന ഘടകമായ ലാൻഡറിന്റെ കാലുകള്‍ ബലപ്പെടുത്തി. ഓര്‍ബിറ്ററിനു പകരം പ്രൊപ്പല്‍ഷൻ മോഡ്യൂള്‍ ആണ് ലാൻഡറിനെയും റോവറിനെയും ചന്ദ്രന് തൊട്ടടുത്ത് എത്തിക്കുക. ലാൻഡര്‍ ചന്ദ്രനില്‍ ഇറങ്ങിയാല്‍ ഉടൻതന്നെ റോവര്‍ വേര്‍പെടും. ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങള്‍ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാര്‍ത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിര്‍ണയിക്കുന്നതും ചന്ദ്രയാൻ 3 ആണ്.

Related Articles

Back to top button