KeralaLatestMalappuram

മകനൊപ്പം പ്ലസ് ടു പാസായി മാതാപിതാക്കൾ; മുസ്തഫയ്ക്കും കുടുംബത്തിനും ഇത് ഇരട്ടി സന്തോഷം

“Manju”

മലപ്പുറം: മങ്കട സ്വദേശിയായ മുസ്തഫയ്ക്കും കുടുംബത്തിന് ഇത്തവണ ഇരട്ടി സന്തോഷമാണ്. മകൻ ഷമ്മാസ് നല്ല മാർക്കോടെ പ്ലസ് ടു പാസായി എന്നത് മാത്രമല്ല ഈ കുടുംബത്തിന് സന്തോഷം നല്‍കുന്നത്. ഇത്തവണ ഈ വീട്ടിൽ നിന്ന് പ്ലസ് ടു പാസാായത് ഷമ്മാസ് മാത്രമല്ല മാതാപിതാക്കളായ മുഹമ്മദ് മുസ്തഫയും നുസൈബയും കൂടിയാണ്. പ്ലസ് ടു തുല്യത പരീക്ഷയിലാണ് ഇരുവരും വിജയിച്ചത്. ലോക്ക് ഡൗണിന് മുമ്പ് തന്നെ ഇതിന്‍റെ റിസൾട്ടും വന്നിരുന്നു. ആ പരീക്ഷയിൽ നല്ലവിജയം നേടിയ ഇരുവർക്കും മകന്‍റെ വിജയം ഇരട്ടി ആഹ്ളാദം നൽകിയിരിക്കുകയാണ്.

43കാരനായ മുസ്തഫ പത്താംക്ലാസിൽ പഠനം അവസാനിപ്പിച്ചിരുന്നു. പിന്നീട് ജോലി തേടി ഗൾഫിലേക്ക് കുടിയേറി. അബുദാബിയിൽ ഒരു വെറ്ററിനറി ക്ലിനിക്കിൽ വർഷങ്ങളോളം ജോലി ചെയ്തു. ഇതിനിടെ നുസൈബയെ വിവാഹം ചെയ്ത് ഭാര്യയുമൊത്ത് ഗൾഫില്‍ താമസമായി. ജോലിക്കിടയിലും പഠനം പൂർത്തിയാക്കാനാകാത്ത വിഷമം മുസ്തഫയെ അലട്ടിയിരുന്നു. ഇതിനിടെയാണ് കേരള ലിറ്ററസി മിഷന്‍റെ തുല്യതാ പരീക്ഷയെക്കുറിച്ച് അറിയുന്നത്. ഇതോടെ ഭാര്യയുമൊത്ത് പഠനം വീണ്ടും ആരംഭിക്കുകയായിരുന്നു.

മകനൊപ്പമായിരുന്നു ഇരുവരുടെയും പഠനം.. മകന്‍റെ അധ്യാപകൻ തന്നെ മാതാപിതാക്കൾക്കും ഗുരുവായി.. കൊമേഴ്സ് ആയിരുന്നു മൂന്നു പേരും പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്. ജോലിത്തിരക്കുകൾക്കിടയിലും ഇരുവരും പഠനത്തിൽ വിട്ടുവീഴ്ച വരുത്തിയിരുന്നില്ല.. അവരുടെ ആത്മവിശ്വാസത്തിന്‍റെയും പരിശ്രമത്തിന്‍റെയും ഫലം റിസൾട്ടിൽ തെളിയുകയും ചെയ്തു. എൺപത് ശതമാനം മാർക്കോടെയാണ് നുസൈബ പരീക്ഷ ജയിച്ചത്. മുസ്തഫയും മികച്ച മാർക്ക് നേടിയിരുന്നു.പ്ലസ് ടു പരീക്ഷ പാസായതോടെ സിഎയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ് ഷമ്മാസ്. മുസ്തഫയും നുസൈബയും കൊമേഴ്സിൽ തന്നെ ബിരുദപഠനത്തിന് തയ്യാറെടുക്കുകയാണ്.

‘പഠനം തുടരുന്ന കാര്യം ആദ്യം വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നാണ് മുസ്തഫ പറയുന്നത്. ഇത്രയും വൈകി പഠനം ആരംഭിച്ചുവെന്ന കാര്യം പുറത്ത് പറയാൻ കുറച്ച് മടിയുണ്ടായിരുന്നു’ എന്നായിരുന്നു വാക്കുകൾ.

Related Articles

Back to top button