IndiaLatest

കല്‍ക്കരി ഇറക്കുമതിക്കൊരുങ്ങി കോള്‍ ഇന്ത്യ

“Manju”
ന്യൂഡല്‍ഹി: രാജ്യത്ത് ഊര്‍ജ പ്രതിസന്ധി ഒഴിവാക്കാന്‍ കല്‍ക്കരി ഇറക്കുമതിക്കൊരുങ്ങി കോള്‍ ഇന്ത്യ ലിമിറ്റഡ്. ഊര്‍ജ പ്രതിസന്ധി രൂക്ഷമായ വൈദ്യുത മുടക്കത്തിലേക്ക് നയിക്കുമെന്നതിനാലാണ് കല്‍ക്കരി ഇറക്കുമതി ​ചെയ്യാന്‍ കോള്‍ ഇന്ത്യ നിര്‍ബന്ധിതരായിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന സംസ്കരണ സ്ഥാപനമാണ് കോള്‍ ഇന്ത്യ. 2015നു ശേഷം ആദ്യമായാണ് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും രൂക്ഷമായ വൈദ്യുത മുടക്കം ഏപ്രിലിലായിരുന്നു. അത് ആവര്‍ത്തിക്കാതിരിക്കാനാണ് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍ക്കാറുകള്‍ തമ്മിലാണ് കല്‍ക്കരി കൈമാറ്റം നടക്കുക. സംസ്ഥാനങ്ങളിലെ താപ വൈദ്യുത നിലയങ്ങള്‍ക്കും ​ഊര്‍ജ ഉത്പാദകര്‍ക്കും സര്‍ക്കാര്‍ വഴി കല്‍ക്കരി ലഭ്യമാക്കാമെന്ന് ഊര്‍ജ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. 2022ന്റെ മൂന്നാം പാദത്തില്‍ തന്നെ വലിയ രീതിയിലുള്ള ഊര്‍ജ ക്ഷാമം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ സമയമാകുമ്പോഴേക്കും ഊര്‍ജ ഉപയോഗം വളരെയധികം വര്‍ധിക്കാനും അത് വ്യാപകമായ വൈദ്യുതി മുടക്കത്തിനിടയാക്കാനും സാധ്യത ഉണ്ട്. അത് മുന്നില്‍ കണ്ടാണ് നടപടി.

വിവിധ സംസ്ഥാനങ്ങള്‍ സ്വയമേവ കല്‍ക്കരി ഇറക്കുമതിക്കായി അനുമതി ചോദിക്കുകയും വിവിധ ടെണ്ടറുകളില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിരവധി ടെന്‍ഡറുകള്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനാണ് കേന്ദ്രം നേരിട്ട് കല്‍ക്കരി ഇറക്കുമതിക്ക് തീരുമാനിച്ചത്. തുടര്‍ന്ന് കോള്‍ ഇന്ത്യ വഴി കല്‍ക്കരി ഇറക്കുമതി ചെയ്ത് സംഭരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

 

Related Articles

Back to top button