KeralaLatest

ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുസ്മരിച്ച്‌ കാനം രാജേന്ദ്രന്‍

“Manju”

തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുസ്മരിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള സമൂഹത്തെ മാറ്റിമറിച്ച ചുരുക്കം രാഷ്ട്രീയനേതാക്കളിലൊരാളായിരുന്നു കെ ആര്‍ ​ഗൗരിയമ്മയെന്ന് കാനം പറഞ്ഞു. ഗൗരിയമ്മയുടെ ജീവിതം പോരാട്ടങ്ങളുടെ ഒരു കാലത്തെ ജ്വലിക്കുന്ന ചരിത്രമാണ്. കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ ജ്വലിക്കുന്ന ഒരു താരത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കാനം രാജേന്ദ്രന്റെ വാക്കുകള്‍…
കേരളത്തിലെ കമ്മ്യൂണിസ്റ്റുകളില്‍‍ പ്രമുഖയായിരുന്നു കെ ആര്‍ ഗൗരിയമ്മ. നമ്മുടെ കേരള രാഷ്ട്രീയത്തില്‍ വലിയ സ്ത്രീപ്രാതിനിധ്യം ഇല്ലാതിരുന്ന കാലത്ത് കടന്നുവരികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്ത നേതാവായിരുന്നു. നമ്മുടെ സാമൂഹിക ജീവിതത്തെ സ്വാധീനിച്ച നിരവധി നേതാക്കള്‍ നമ്മുടെ ജീവിതകാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയേറെ സമൂഹത്തെ മാറ്റിമറിച്ച, അടിത്തറ പാകിയ നേതാക്കള്‍ ചുരുക്കമാണ്. കേരളത്തിലെ കാര്‍ഷിക പരിഷ്കരണമുള്‍പ്പടെ നിരവധി പുരോ​ഗമനപരമായ നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടാക്കുന്നതില്‍‌ ​ഗൗരിയമ്മയുടെ കയ്യൊപ്പുണ്ട് എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയും.

ഗൗരിയമ്മയോടൊപ്പം അല്‍പകാലം നിയമസഭയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അഴിമതിനിരോധന നിയമം ഉള്‍പ്പടെയുള്ളവയുടം പണിപ്പുരയില്‍ അവരോടൊപ്പം നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും അവസരം ഉണ്ടായിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലെല്ലാം സമൂഹത്തിന്റെ മാറ്റം മുന്നില്‍ക്കണ്ട് നിയമനിര്‍മാണം നടത്തണം എന്ന് പറഞ്ഞിട്ടുള്ള നേതാവാണ് ​ഗൗരിയമ്മ എന്ന് കാണാന്‍ കഴിയും. ​ഗൗരിയമ്മയുടെ ജീവിതം പോരാട്ടങ്ങളുടെ ഒരു കാലത്തെ ജ്വലിക്കുന്ന ചരിത്രമാണ് എന്ന് കാണാന്‍ സാധിക്കും.
പാര്‍ട്ടി വിട്ടപ്പോഴും തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവുമായി മുമ്ബോട്ട് പോയ സന്ദര്‍ഭങ്ങളിലുമെല്ലാം അവരുമായുള്ള വ്യക്തിബന്ധം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ ജ്വലിക്കുന്ന ഒരു താരത്തെ നമുക്ക് നഷ്ടപ്പെട്ടു. ​

ഗൗരിയമ്മയുടെ വേര്‍പാടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദുഖവും അനുശേചനവും രേഖപ്പെടുത്തുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കെ ആര്‍ ​ഗൗരിയമ്മയുടെ അന്ത്യം. കഴിഞ്ഞമാസം 22നായിരുന്നു ​അണുബാധയെത്തുടര്‍ന്ന് ​ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും ആരോ​ഗ്യനില വഷളായതിനെത്തുടര്‍ന്ന് ശനിയാഴ്ച വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

Related Articles

Back to top button