Sports

ബാഴ്സയുടെ മുന്നേറ്റം തടഞ്ഞ് ലെവാന്‍റേ

“Manju”

മാഡ്രിഡ്: ലീഗില്‍ ഒന്നാമതെത്താനുള്ള സുവര്‍ണ്ണാവസരം വീണ്ടും ഇല്ലാതാക്കി മെസ്സിയും കൂട്ടരും. ദുര്‍ബലരായ ലെവാന്‍റയോട് സമനില വഴങ്ങിയതോടെ ബാഴ്സ വീണ്ടും അത്ലറ്റി കോയ്ക്ക് പിന്നില്‍ തുടരേണ്ട അവസ്ഥയിലാണ്. ഗോള്‍ വ്യത്യാസത്തിന്‍റെ മികവിലും സമനിലയുടെ ഒരു പോയിന്‍റും നേടിയതിനാല്‍ റയല്‍ മാഡ്രിഡിനെ പിന്തള്ളി രണ്ടാമതെത്തി എന്ന് സമാധാനിക്കാം.

മൂന്ന് ഗോളുകളടിച്ച മത്സരത്തിലും എതിരാളികളെ തളയ്ക്കാനാകാത്ത പ്രതിരോധ നിരയെ ഇനി ബാഴ്സയ്ക്ക് പഴിക്കാം. 3-3നാണ് ലീഗില്‍ 13 സ്ഥാനത്തുമാത്രമുള്ള ലെവാന്‍റ സൂപ്പര്‍ ടീമായ ബാഴ്സലോണയെ തളച്ചിട്ടത്. കളിയുടെ 25-ാം മിനിറ്റില്‍ നായകന്‍റെ ദൗത്യം ഏറ്റെടുത്ത മെസ്സി തന്നെ ആദ്യ ഗോള്‍ നേടി. പത്തു മിനിറ്റ് തികയും മുന്നേ പെഡ്രി ബാഴ്സയ്ക്കായി രണ്ടാം ഗോളും സ്വന്തമാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ കളി നേരെ തിരിയുന്ന കാഴ്ചയാണ് കണ്ടത്.

57-ാം മിനിറ്റില്‍ ലെവാന്‍റേയ്ക്കായി ഗോണ്‍സാലോ ലീഡ് 1-2 ആക്കി കുറച്ചപ്പോള്‍ രണ്ടു മിനിറ്റിനകം ബാഴ്സ പോസ്റ്റിലേക്ക് വീണ്ടും ഇരച്ചെത്തിയ ലെവാന്‍റേ പട സമനില പിടിച്ചു. ജോസ് നൊഗാലെസാണ് 59-ാം മിനിറ്റിലെ ഗോള്‍ നേടിയത്. 64-ാം മിനിറ്റില്‍ ഓസ്മാനേ ഡെബാലേ ബാഴ്സയെ 3-2ന് മുന്നിലെത്തിച്ചെങ്കിലും 83-ാം മിനിറ്റില്‍ സെര്‍ജിയോ ലിയോണിലൂടെ ലെവാന്‍റേ വിജയതുല്യമായ സമനില നേടി ബാഴ്സയെ നിരാശരാക്കി.

Related Articles

Back to top button