മൂന്നാര്‍: പരിസ്ഥിതി പ്രേമികള്‍ക്ക് ജൈവ വൈവിധ്യ കാഴ്ചയൊരുക്കുന്ന മൂന്നാറിലെ ബൊട്ടാണിക്കല്‍ ഗാര്ഡന്, അഞ്ചുകോടിയുടെ രണ്ടാംഘട്ട വികസനത്തിലേക്ക്. മൂന്നാറിനും ദേവികുളത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന വിനോദ വിജ്ഞാന കേന്ദ്രമാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കുന്നത്.
മുതിരപ്പുഴയാറിനും കൊച്ചി-ധനുഷ്കോടി ദേശീയപാതക്കും ഇടയിലുള്ള അഞ്ചേക്കര്‍ സ്ഥലത്ത് കഴിഞ്ഞ വര്‍ഷമാണ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആരംഭിച്ചത്. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് വിജ്ഞാനം പകരുന്ന വിശ്രമസങ്കേതം എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റവന്യൂ പുറമ്പോക്ക് ഭൂമി വിനോദസഞ്ചാര വകുപ്പ് പാട്ടത്തിന് എടുത്ത് നാലരക്കോടി രൂപ മുടക്കിയാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച 90 ലക്ഷവും വിനിയോഗിച്ചു.
വിദേശീയരടക്കം സഞ്ചാരികള്‍ക്ക് മൂന്നാറിന്റെ മനോഹാരിത ആസ്വദിക്കാനുതകുന്ന എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. മഴക്കാലത്തും ജൈവവൈവിധ്യ പാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന റെയിന്‍ ഷെല്‍റ്റര്‍, ഗ്ലാസ് ഹൗസ്, ഓപണ്‍ തിയറ്റര്‍, വാച്ച് ടവര്‍, കുട്ടികളുടെ പാര്‍ക്ക്, വായനകേന്ദ്രം, ശുചിമുറി സമുച്ചയം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധതരം ചെടികള്‍, റോസ് ഗാര്ഡന്, സ്ട്രോബറി, കാബേജ്, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ കൃഷികളുമുണ്ട്. തുടക്കത്തില്‍തന്നെ ജനശ്രദ്ധ നേടിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനത്തിന് വിനോദസഞ്ചാര വകുപ്പ് അഞ്ച് കോടി അനുവദിക്കുകയായിരുന്നു. ഇതോടെ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ പദ്ധതിയില്‍ സിനിമ തിയറ്റര്‍, വ്യാപാര സമുച്ചയം, ചുറ്റുമതില്‍, പുഴയോര നവീകരണം, പഠനകേന്ദ്രം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്.