കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ താത്കാലികമായി നിര്‍ത്തിവച്ചതോടെ ലൈസന്‍സിനായുള്ള അപേക്ഷകരുടെ കാത്തിരിപ്പും നീളുന്നു. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പാസായി ലൈസന്‍സിനായി കാത്തിരിപ്പു തുടങ്ങിയവരാണ് പലരും. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ ലൈസന്‍സ് കൈവശം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ അപേക്ഷകരുടെ കാത്തിരിപ്പും നീളുകയായിരുന്നു. രോഗവ്യാപനം കുറഞ്ഞ് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചാലും ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഇവര്‍ക്ക് ലൈസന്‍സ് ലഭിക്കുകയുള്ളൂവെന്നാണ് ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ടെസ്റ്റ് ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനി ഒരു അറിയിപ്പ് ലഭിക്കുന്നതു വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷവും ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഇളവുകള്‍ വന്നതോടെയാണ് ടെസ്റ്റ് പുനരാരംഭിച്ചത്. തിരക്ക് ഒഴിവാക്കിക്കൊണ്ട് ആഴ്ചയില്‍ അഞ്ചുദിവസം നിശ്ചിത എണ്ണം അപേക്ഷകര്‍ക്കു മാത്രമായാണ് ടെസ്റ്റ് പുനരാരംഭിച്ചത്. ഒരുദിവസം പരമാവധി 90 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയിരുന്നത്. പക്ഷേ, കോവിഡ് രണ്ടാം തരംഗമെത്തിയതോടെ കഴിഞ്ഞ മാസം അവസാനത്തോടെ ഇതും അവസാനിപ്പിക്കുകയായിരുന്നു. കോവിഡ് കാലത്ത് സ്വകാര്യവാഹനങ്ങളുടെ എണ്ണം പെരുകിയതോടെ അപേക്ഷകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്ന് ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നു.
നിലവില്‍ ലേണേഴ്സ് ടെസ്റ്റ് ഓണ്‍ലൈന്‍ മുഖേനയാണ് നടക്കുന്നത്.ആറുമാസത്തിലധികമായിട്ടും ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ കഴിയാത്തതിനാല്‍ പലരുടെയും ലേണേഴ്സിന്റെ കാലാവധി അവസാനിച്ചു തുടങ്ങി. ഇവര്‍ വീണ്ടും രേഖകള്‍ ഹാജരാക്കി ലേണേഴ്സ് പുതുക്കിയശേഷം ടെസ്റ്റിനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചാലും നിലവില്‍ ബുക്കിംഗ് സ്ലോട്ട് കിട്ടിയവര്‍ക്കായിരിക്കും പ്രഥമ പരിഗണന. ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ടെസ്റ്റ് തുടങ്ങിയാലും വീണ്ടും കാത്തിരിക്കേണ്ടിവന്നേക്കാം. അങ്ങനെ വരുന്നതോടെ ലൈസന്‍സ് ലഭിക്കാന്‍ വീണ്ടും വൈകും