IndiaKeralaLatest

പുതുജീവിതത്തിനായുള്ള നെട്ടോട്ടം; പക്ഷേ, ഷിന്‍സിയെ വിധികവര്‍ന്നു

“Manju”

കോട്ടയം, കുറവിലങ്ങാട്‌: ഭര്‍ത്താവ്‌ ബിജോയ്‌ക്കൊപ്പം ജീവിതം തുടങ്ങാനുള്ള നെട്ടോട്ടത്തിലായിരുന്നു സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച ഷിന്‍സി. കഴിഞ്ഞ ജനുവരി 24-നായിരുന്നു ഷിന്‍സിയുടെയും പനച്ചിക്കാട്‌ കുഴിമറ്റം പച്ചിറതോപ്പില്‍ ബിജോയുടെയും വിവാഹം. പതിനഞ്ച്‌ ദിവസത്തെ ദാമ്പത്യജീവിതത്തിനുശേഷം ഇരുവരും ജോലിസ്‌ഥലത്തേക്ക്‌ മടങ്ങി.
പിന്നീട്‌ ഒരുമിച്ചു ജീവിക്കാനുള്ള ശ്രമം തുടങ്ങി. ബഹ്‌റൈനില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സാണു ബിജോ. സൗദി അറേബ്യയില്‍ സര്‍ക്കാര്‍ സര്‍വീസിലെ നഴ്‌സായിരുന്നു ഷിന്‍സി. ബഹ്‌റൈനില്‍ ജോലി കിട്ടാനുള്ള ശ്രമത്തിലായിരുന്നു ഷിന്‍സി. ഇതിനു വിസ ലഭിക്കുകയും ചെയ്‌തു. കഴിഞ്ഞ മാസം 25, 29 തീയതികളില്‍ ബഹ്‌റൈനില്‍ എത്താന്‍ വിസ ലഭിച്ചു. എന്നാല്‍, സൗദിയിലെ ജോലി രാജിവച്ചുപോകുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയായില്ല.
ഈ മാസം 10ന്‌ വീണ്ടും വിസ ലഭിക്കുമെന്ന അറിയിപ്പ്‌ ലഭിച്ചിരുന്നു. അപ്പോള്‍ ബിജോയുടെ അടുത്തെത്താമെന്നായിരുന്നു പ്രതീക്ഷ. ബഹ്‌റൈന്‍ യാത്രയ്‌ക്കുള്ള നടപടിക്രമങ്ങള്‍ ഇന്നലെയാണു പൂര്‍ത്തിയായത്‌. അതിന്റെ സന്തോഷത്തിലായിരുന്നു ഷിന്‍സിയും ബിജോയും.
ഇതിനിടെയായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം താര്‍ മരുഭൂമി സന്ദര്‍ശിക്കാനുള്ള തീരുമാനം. ഇന്നലെ പുലര്‍ച്ചെ മൂന്നിന്‌ യാത്രയ്‌ക്കിടയിലുണ്ടായ അപകടത്തിലാണു ഷിന്‍സി മരിച്ചത്‌.
വാഹനം ഓടിച്ചിരുന്നത്‌ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവായ മലയാളിയാണ്‌. ഡ്രൈവര്‍ക്ക്‌ ബോധം വന്നതോടെ കൂടെയുള്ളവര്‍ അല്‍ ഖാലിദിയാ കിങ്‌ ഖാലിദ്‌ ആശുപത്രിയിലെ നഴ്‌സുമാരാണെന്ന വിവരം നല്‍കി. ഇതോടെ സഹപ്രവര്‍ത്തകര്‍ എത്തിയാണു മരിച്ചവരെയും പരുക്കേറ്റവരെയും തിരിച്ചറിഞ്ഞത്‌.
നഴ്‌സിങ്‌ പഠനം കഴിഞ്ഞ്‌ ഷിന്‍സി മുംബൈയില്‍ നഴ്‌സായി ജോലി നോക്കിയിരുന്നു. രണ്ടുവര്‍ഷം മുമ്ബാണു സൗദിയിലെത്തിയത്‌. ഷിന്‍സിയുടെ പിതാവ്‌ ഫിലിപ്പ്‌ (സണ്ണി). അമ്മ: ലീലാമ്മ, സഹോദരങ്ങള്‍: ഷൈമ, ടോണി (പ്ലസ്‌ വണ്‍).

Related Articles

Back to top button