KeralaLatest

കൊവിഡ് മാറിയാല്‍ നല്ലകാലം ഇന്ത്യയ്‌ക്കെന്ന് എം എ യൂസഫലി

“Manju”

കൊച്ചി: കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് മികച്ച കാലമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. 73ാമത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ ) എറണാകുളം ശാഖയുടെ ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡില്‍ കേരളവും ഇന്ത്യയും ലോകമാകെയും വലിയ പ്രതിസന്ധിയിലായി. അത് എല്ലാവരും ചേര്‍ന്ന് പരിശ്രമിച്ച്‌ മറികടക്കും.
പ്രതിസന്ധികള്‍ നമ്മെ കൂടുതല്‍ ശക്തരാക്കുകയാണ് പതിവ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. സാമ്ബത്തിക സ്ഥാപനങ്ങളെയും ബിസിനസുകളെയും ബന്ധിപ്പിക്കുന്ന കണ്ണികളാണ് സി.എക്കാര്‍. സ്ഥാപനങ്ങള്‍ക്ക് മികച്ച ഉപദേശങ്ങള്‍ നല്‍കേണ്ട ചുമതലയുണ്ട്. അറിവുള്ളവരില്‍ നിന്ന് പഠിക്കാന്‍ എല്ലാവരും തയ്യാറാകണം. 1973ല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റുമായി തുടക്കം കുറിച്ച തനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുടങ്ങാനും 57,000 പേര്‍ക്ക് ജോലി നല്‍കാനും 800 കോടി ഡോളര്‍ ക്രയവിക്രയം നടത്താനുമുള്ള കാരണം മൂന്ന് കാര്യങ്ങളാണ്.
ഗുണനിലവാരം, താങ്ങാവുന്ന വില, മികച്ച സേവനം എന്നിവയാണത്. വ്യക്തിജീവിതത്തില്‍ വിശ്വാസ്യതയും സത്യസന്ധതയും പുലര്‍ത്താനും വ്യക്തിബന്ധങ്ങള്‍ നിലനിറുത്താനും അത്യാഗ്രഹമില്ലാതെ ജീവിക്കുകയും ചെയ്താല്‍ വിജയം ഉറപ്പാണെന്നും യൂസഫലി പറഞ്ഞു.
ഐ.സി.എ.ഐ എറണാകുളം ശാഖ ചെയര്‍മാന്‍ രഞ്ജിത് ആര്‍. വാര്യര്‍, ദീപ വര്‍ഗീസ്, ജോമോന്‍ കെ. ജോര്‍ജ്, ബാബു എബ്രഹാം കള്ളിവയലില്‍, തോമസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button