IndiaLatest

കശ്മീരിലേക്കുള്ള ആയുധക്കടത്ത് തടഞ്ഞ് ജമ്മു പോലീസ്

“Manju”

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലേക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ജമ്മു പോലീസ്. നഗരത്തിന് സമീപം ആയുധങ്ങള്‍ ട്രക്ക് ഡ്രൈവറില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ആയുധ കടത്തുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ലഭ്യമായതിനെ തുടര്‍ന്ന് ജമ്മുവിലുടനീളം കനത്ത സുരക്ഷ ക്രമീകരണങ്ങളും വാഹന പരിശോധനയും നടത്തിവരികയായിരുന്നുവെന്ന് ജമ്മു പോലീസ് സൂപ്രണ്ട് ചന്ദന്‍ കോലി പറഞ്ഞു.

ഇതേ തുടര്‍ന്ന് ഗംഗ്യാല്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ പരിശോധന പോലീസ് കര്‍ശനമാക്കിയിരുന്നു. പരിശോധനക്കിടെ ഒരു ട്രക്ക് കൈകാണിച്ച്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പരിശോധനക്കായി ഒരുങ്ങിയപ്പോള്‍ ഡ്രൈവര്‍ ഒഴിവു കഴിവുകള്‍ പറഞ്ഞ് പോലീസിനെ തടയാന്‍ ശ്രമിച്ചു. ഇതാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയത്തിനിടനല്‍കിയത്.

തുടര്‍ന്ന് വാഹനം പോലീസ് പരിശോധിച്ചപ്പോള്‍ ഒരു പിസ്റ്റളും രണ്ട് ഗ്രനേഡുകളും കണ്ടെടുത്തു. പ്രിസ്ചൂ പുല്‍വാമാ സ്വദേശിയായ മന്ദസിര്‍ മന്‍സൂര്‍ എന്ന ഡ്രൈവര്‍ അറസ്റ്റിലായി. പ്രാഥമിക ചോദ്യം ചെയ്യലില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകള്‍ വഴിയാണ് ആയുധവും ഗ്രനേഡുകളും തനിക്ക് ലഭിച്ചതെന്നും ഇത് കശ്മീര്‍ താഴ്വരയിലേക്ക് കൊണ്ടുപോകാന്‍ തന്നെ ചുമതലപ്പെടുത്തിയതാണെന്നും ഡ്രൈവര്‍ വെളിപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി. അതെ സമയം ഡ്രൈവറെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ആയുധക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ ബന്ധങ്ങള്‍ ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാകുമെന്നും പോലീസ് അറിയിച്ചു .

Related Articles

Back to top button