IndiaLatest

ജനം തടിച്ചുകൂടിയാല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദി; കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: ജനങ്ങള്‍ കോവിഡ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി പരിഗണിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വ്യാപാര സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉള്‍പ്പെടെ പെരുമാറ്റച്ചട്ടം കാറ്റില്‍പ്പറത്തി ആളുകള്‍ തടിച്ചുകൂടിയാല്‍ അവിടെ ഹോട്ട്‌സ്പോട്ടായി കണക്കാക്കി വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി .

കോവിഡ് രണ്ടാംതരംഗം തുടരുന്ന പശ്ചാത്തലത്തിലും ജനങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം തടിച്ചുകൂടുന്നതിനാലുമാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ്‌കുമാര്‍ ബല്ല കര്‍ശനമായി നിയന്ത്രണങ്ങള്‍ തുടരാന്‍ ബുധനാഴ്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വളരെ ശ്രദ്ധയോടെ, സാവധാനം വേണമെന്ന് ആഭ്യന്തരസെക്രട്ടറി കത്തില്‍ ആവര്‍ത്തിച്ചു. ഷോപ്പിങ് മാളുകള്‍, മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍ ആഴ്ചച്ചന്തകള്‍, ബാറുകള്‍, മണ്ഡികള്‍, ബസ്-റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, ജിംനേഷ്യങ്ങള്‍, സ്റ്റേഡിയങ്ങള്‍, കല്യാണവേദികള്‍, ആഡിറ്റോറിയങ്ങള്‍ തുടങ്ങിയവ ഹോട്ട്സ്പോട്ടുകളായതിനാല്‍ പെരുമാറ്റച്ചട്ടങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി ഉറപ്പാക്കേണ്ടതുണ്ട് .

ഇല്ലെങ്കില്‍ നിലവിലുള്ള നിയമ പ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കണം . കോവിഡ് രണ്ടാംതരംഗം ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാല്‍ വാക്സിനേഷന്‍ വന്‍തോതില്‍ വര്‍ധിക്കുന്നതുവരെ ജാഗ്രത കൈവെടിയാന്‍ പാടില്ല. ജനങ്ങള്‍ തടിച്ചുകൂടുന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജില്ലാ അധികാരികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആഭ്യന്തരസെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു .

Related Articles

Back to top button