IndiaLatest

തൂപ്പുജോലിയെടുത്ത അതേ നഗരത്തില്‍ സബ് കലക്ടറായി ആശ കന്ദാര

“Manju”

ജയ്പൂര്‍: ഒരു ഉറച്ച ലക്ഷ്യം ഉണ്ടെങ്കില്‍ അത് നേടിയെടുക്കാന്‍ മുന്നിലുള്ള ഏത് ദുര്‍ഘടം പിടിച്ച മാര്‍ഗവും പ്രശ്‌നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രാജസ്ഥാനിലെ ആശ കന്ദാര. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി തൂപ്പുജോലിയില്‍നിന്ന് സബ് കലക്ടര്‍ പദവി കൈയെത്തിപ്പിടിച്ചിരിക്കുകയാണ് ഇവര്‍.   2002ല്‍ ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയതിന് പിന്നാലെ രണ്ടു കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തേണ്ട ചുമതല ആശ കന്ദാരയ്ക്കായി. ഇതിനിടെ സംസ്ഥാനത്തെ ഉന്നത പദവിയേക്കുള്ള പരീക്ഷക്കായി കഠിനമായി പഠിക്കുകയും ജയിക്കാനായി ജീവിതത്തോട് പോരാടുകയുമായിരുന്നു ആശ.

ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയതിന് ശേഷമായിരുന്നു രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിയായ ആശയുടെ ബിരുദ പഠനം. 2016ല്‍ അവര്‍ ബിരുദം പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പരീക്ഷയായിരുന്നു ആശയുടെ ലക്ഷ്യം. 2018ല്‍ ആശ പരീക്ഷ എഴുതി.
പരീക്ഷയുടെ ഫലം വരുന്നതിന് മുന്‍പ്തന്നെ മക്കളെ വളര്‍ത്താനും ചെലവുകള്‍ക്കുമായി ആശ മുനിസിപല്‍ കോര്‍പറേഷനിലെ തൂപ്പുകാരിയായി ജോലിക്ക് കയറി. ഫലം വരാന്‍ കാത്തിരിക്കാനുള്ള സാഹചര്യം അന്ന് ആശക്കുണ്ടായിരുന്നില്ല. മറ്റു വരുമാന മാര്‍ഗങ്ങളില്ലാത്തതിനാല്‍ തൂപ്പുജോലിക്ക് കയറേണ്ടി വന്നു.  പിന്നീട് കോവിഡ് വില്ലനായതോടെ 2018ലെ പ്രിലിമിനറി പരീക്ഷ ഫലം ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ചെങ്കിലും 2021 ജൂലൈ 14നാണ് മെയിന്‍ പരീക്ഷഫലം പ്രഖ്യാപിച്ചത്. ആശ മെറിറ്റ് പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ആര്‍ എ എസ് പട്ടികയില്‍ ഇടംപിടിച്ചതോടെ സന്തോഷത്തിന് അതിരുകളില്ലെന്നായിരുന്നു ആശയുടെ പ്രതികരണം.

കുടുംബം മുന്നോട്ടുകൊണ്ടുപോകാനായി നാരാങ്ങാവെള്ളം വിറ്റ് ജീവിച്ച നാട്ടില്‍ പൊലീസുകാരിയായി ചുമതലയേറ്റെടുത്ത ആനി ശിവയുടെ ജീവിതത്തിന് സമാനമാണ് ആശ കന്ദാരയുടേതും. സിനിമാ കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് എസ് ഐ ആനി ശിവ നേരിട്ടത്. വീട്ടുകാരെ ധിക്കരിച്ച്‌ ഇഷ്ടപ്പെട്ട ചെറുപ്പക്കാരനൊപ്പം പതിനെട്ടാം വയസില്‍ ഇറങ്ങിപ്പോയി. മധുവിധു മാറും മുമ്ബ് ബന്ധം വേര്‍പെട്ടപ്പോള്‍ കൈക്കുഞ്ഞുമായി ഒറ്റയ്ക്കുള്ള പോരാട്ടം ആനി ആരംഭിച്ചു. വഴിയോരക്കച്ചവടം നടത്തിയ വര്‍ക്കലയില്‍ തന്നെ എസ് ഐയായി മടങ്ങിയെത്തിയായിരുന്നു ആനിയും ജീവിതവിജയം നേടിയത്.

Related Articles

Back to top button