LatestThiruvananthapuram

മികവ് തെളിയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നക്ഷത്ര പദവി നല്‍കുമെന്ന് വ്യവസായ മന്ത്രി

“Manju”

തിരുവനന്തപുരം: പരിസ്ഥിതി, തൊഴിലാളി സൗഹൃദവും ജനങ്ങളെ പരിഗണിക്കുന്നതുമായ ഉത്തരവാദ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ മികവ് തെളിയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നക്ഷത്ര പദവി അംഗീകാരം നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇതിനുള്ള വിശദമായ മാര്‍ഗ്ഗരേഖ കെ എസ് ഐ ഡി സി തയ്യാറാക്കും. കെ എസ് ഐ ഡി സി അറുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കേണ്ട മേഖലകള്‍ നിര്‍ണയിക്കുമെന്നും ഇത് പ്രകാരം പുതിയ സംരംഭകരെയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പരിപാടി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, കുറഞ്ഞ ഊര്‍ജ്ജനിരക്ക്, മികച്ച മാനവശേഷി തുടങ്ങിയ ഘടകങ്ങള്‍ കേരളത്തിന് അനുകൂലമാണ്. ഇവ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചായിരിക്കും വ്യവസായ നിക്ഷേപത്തിനുള്ള സാഹചര്യം ഒരുക്കുക. മികച്ച വിപണിയും ഉറപ്പു വരുത്തും. വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നേണ്ട മേഖലകളില്‍ സംരംഭകര്‍ക്ക് ആനുകൂല്യങ്ങളും നല്‍കും. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പുതിയൊരു കാഴ്ചപ്പാട് രൂപീകരിക്കാന്‍ കെഎസ്‌ഐഡിസിക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സംരംഭകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന നയമാണ് 1957 ലെ ആദ്യ സര്‍ക്കാര്‍ തന്നെ സ്വീകരിച്ചത്. ഈ മാതൃകയില്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ഉത്തരവാദ വ്യവസായങ്ങളെ കേരളത്തില്‍ പ്രോത്സാഹിപ്പിയ്ക്കുമെന്നും’ മന്ത്രി വ്യക്തമാക്കി.
കെഎസ്‌ഐഡിസിയുടെ 60 വര്‍ഷത്തെ നേട്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എം ഡി രാജമാണിക്യം അവതരിപ്പിച്ചു. കോവിഡാനന്തര സമൂഹത്തില്‍ വ്യവസായ വളര്‍ച്ചയ്ക്ക് ഇണങ്ങുന്ന പദ്ധതികള്‍ കെഎസ്‌ഐഡിസി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചുള്ള വ്യവസായ വികസന നയമായിരിക്കും കെഎസ്‌ഐഡിസി മുന്നോട്ട് വെക്കുകയെന്നും രാജമാണിക്യം വ്യക്തമാക്കി. അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനത്തില്‍ ജീവനക്കാരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കമ്പനി സെക്രട്ടറി കെ സുരേഷ് കുമാര്‍, കെ എസ് ഐ ഡി സി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇ എസ് ഷംനാദ്, ജനറല്‍ മാനേജര്‍മാരായ ജി അശോക് ലാല്‍, ജി ഉണ്ണികൃഷ്ണന്‍, ആര്‍ പ്രശാന്ത്, മാനേജര്‍ ലക്ഷ്മി ടി പിള്ള, കെ അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button