KeralaLatestThiruvananthapuram

സപ്‌ളൈകോ: കാര്‍ഡില്‍ പേരുള്ള കുടുംബാംഗങ്ങള്‍ക്കും സാധനങ്ങൾ വാങ്ങാം

“Manju”

തിരുവനന്തപുരം: സപ്‌ളൈകോ നല്‍കുന്ന സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നതിന് റേഷന്‍ കാര്‍ഡ് ഉടമ തന്നെ പോകേണ്ടതില്ലെന്നും കുടുംബാംഗങ്ങളിലൊരാള്‍ കാര്‍ഡുമായി ചെന്നാല്‍ മതിയാകുമെന്നും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആര്‍. അനില്‍ പറഞ്ഞു. പ്രതിവാര ഫോണ്‍ ഇന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തൊടുപുഴയില്‍ സപ്‌ളൈകോ ഔട്ട്‌ലെറ്റില്‍ കാര്‍ഡ് ഉടമ തന്നെ ചെല്ലണമെന്ന് പറഞ്ഞതായുള്ള പരാതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട് തൃക്കരിപ്പൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട തീരപ്രദേശത്ത്, സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ വേണമെന്നതായിരുന്നു മറ്റൊരു ആവശ്യം. ഈ വിഷയത്തില്‍ എം. എല്‍. എയുമായി സംസാരിച്ച്‌ അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.

വയനാട് സ്വദേശിയായ മൂന്നു വയസുകാരിയുടെ ചികിത്‌സയ്ക്കായി റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നത് അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്‌സാ ഇളവ് ലഭിക്കാന്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു ആവശ്യം. വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള കഴിഞ്ഞ മാസത്തെ കിറ്റ് ലഭിച്ചില്ലെന്ന പരാതിയുമുണ്ടായി. മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം എല്ലാവര്‍ക്കും കിറ്റ് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു ഫോണ്‍ ചെയ്ത കൂടുതല്‍ പേരുടെയും ആവശ്യം.

കഴിഞ്ഞ തവണ ലഭിച്ച പരാതികളില്‍ അര്‍ഹരായവര്‍ക്കെല്ലാം റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്‍കി. കിറ്റ് ലഭിച്ചില്ലെന്ന പരാതികളില്‍ പൂര്‍ണമായി പരിഹാരം കണ്ടതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ പരാതി അറിയിച്ചവരെ നടപടി സ്വീകരിച്ച വിവരം ഫോണില്‍ വിളിച്ച്‌ അറിയിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button