InternationalLatest

അഫ്ഗാന്‍ വിദേശ ഫണ്ടുകള്‍ മരവിപ്പിച്ച്‌ അമേരിക്ക

“Manju”

വാഷിംഗ്ടണ്‍: ഭരണംപിടിച്ച താലിബാന് ഉപയോഗിക്കാനാകാത്തവിധം വിദേശ നിക്ഷേപം അമേരിക്ക മരവിപ്പിച്ചു. അഫ്ഗാന്‍ ഭരണകൂടം വിദേശത്ത് നിക്ഷേപിച്ചിരുന്ന ഫണ്ടുകളാണ് പിന്‍വലിക്കാന്‍ സാധിക്കാത്തവണ്ണം അമേരിക്ക മരവിപ്പിച്ചത്. താലിബാന് അഫ്ഗാനില്‍ സ്വതന്ത്രമായി ഭരിക്കാന്‍ സാധിക്കാത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കലാണ് പ്രധാന ഉദ്ദേശം. 70,000 കോടി രൂപയ്‌ക്ക് തുല്യമായ സമ്പത്താണ് അമേരിക്കയില്‍ അഫ്ഗാന്‍ ബാങ്കിന്റേതായി സൂക്ഷിച്ചിട്ടുള്ളത്.

അഫ്ഗാന്‍ സര്‍ക്കാറിന്റെ വലിയൊരു നിക്ഷേപം കൈകാര്യം ചെയ്തിരുന്നത് അമേരിക്കയാണ്. അഫ്ഗാന്‍ ഭരണകൂടത്തിന്റെ ഫെഡറല്‍ നിക്ഷേപങ്ങളാണ് മരവിപ്പിക്കുന്നത്. ലോകബാങ്ക് അടക്കമുള്ളവര്‍ നല്‍കുന്ന സഹായത്തിന് ബദലായിട്ടാണ് വിദേശരാജ്യങ്ങളില്‍ ഭരണകൂടം നിക്ഷേപം നടത്താറുള്ളത്. അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിക്ഷേപങ്ങളൊന്നും അഫ്ഗാനില്‍ സൂക്ഷിച്ചിരുന്നില്ല. സൈനിക നടപടിയിലൂടെ ഭരണം കയ്യാളുന്ന രാജ്യങ്ങളോട് എടുക്കുന്ന നിയന്ത്രണമാണ് താലിബാനെതിരേയും ആലോചിക്കുന്നത്.

അന്താരാഷ്‌ട്ര നിയമമനുസരിച്ചുള്ള സാമ്പത്തിക വ്യാപാര ഉപരോധം താലിബാന് നേരേയും പ്രയോഗിക്കാനാണ് നീക്കം. അമേരിക്കയ്‌ക്കൊപ്പം ബ്രിട്ടനും കാനഡയും യൂറോപ്യന്‍ രാജ്യങ്ങളും പങ്കുചേരും. അതേസമയം അതിസമ്പന്നരായ ഖത്തറാണ് താലിബാനെ സഹായിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം അഫ്ഗാന്‍ മണ്ണിലേക്ക് ചുവടു വയ്‌ക്കാന്‍ ചൈന ഒരുങ്ങുന്നതും താലിബാന് വാണിജ്യരംഗത്തും ഗുണമാകും. ഇറാനും താലിബാന് പച്ചക്കൊടികാണിച്ചിരിക്കുകയാണ്.

Related Articles

Back to top button