Kerala

മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിന്റെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞ് ഗവർണർ

“Manju”

തിരുവനന്തപുരം ∙ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നതിനെതിരെ പരസ്യമായി നിലപാടെടുത്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പഴ്സനൽ സ്റ്റാഫിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞെങ്കിലും മറുപടി നൽകാതെ സർക്കാർ. പഴ്സനൽ സ്റ്റാഫ് വിഷയത്തിൽ സർക്കാരുമായി തർക്കം നിലനിൽക്കുമ്പോഴാണ്, പഴ്സനൽ സ്റ്റാഫുകളുടെ എണ്ണവും ശമ്പള സ്കെയിലും വിദ്യാഭ്യാസ യോഗ്യതയും ഗവർണറുടെ ഓഫിസ് ചീഫ് സെക്രട്ടറിയോട് ആരാഞ്ഞത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ഇതു സംബന്ധിച്ച ഉത്തരവും ചീഫ് സെക്രട്ടറി രാജ്ഭവനു കൈമാറിയെങ്കിലും, വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയില്ല. പഴ്സനൽ സ്റ്റാഫിന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വീണ്ടും കത്തു നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. പഴ്സനൽ സ്റ്റാഫിൽ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഇല്ലാത്തതിനാലാണ് ഈ ഒളിച്ചുകളിയെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.

സർക്കാരിനോട് വിവരങ്ങൾ ആരാഞ്ഞതിനു പിന്നാലെ ഗവർണർ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും കത്തയച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ പഴ്സനൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് അധിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടിയും ഗവർണർക്കു മറുപടി നൽകിയില്ല. പഴ്സനൽ സ്റ്റാഫ് വിഷയം പ്രശ്നമല്ലാത്ത ബിജെപി പോലും മറുപടി നൽകാതെ ഒഴിഞ്ഞുമാറി.

Related Articles

Back to top button