KeralaLatestThiruvananthapuram

സിമന്റ് വില കുതിക്കുന്നു

“Manju”

തിരുവനന്തപുരം: കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി തുടരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടും റിയല്‍എസ്റ്റേറ്റ് രംഗത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുകയാണ്. നിര്‍മാണ സാമഗ്രികളുടെ വര്‍ധിച്ചുവരുന്ന വിലക്കയറ്റം തന്നെയാണ് പ്രധാന കാരണം. സിമന്റ് അടക്കമുള്ള നിര്‍മാണ സാമഗ്രികളുടെ വില വന്‍തോതില്‍ വര്‍ധിച്ചതാണ് നിലവിലെ പ്രധാനപ്രശ്‌നമെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു. രണ്ടു ദിവസത്തിനിടെ ഒരു ചാക്ക് സിമന്‍റിന് 125 രൂപയോളമാണ് കൂടിയത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്നാണ് കമ്പനികളുടെ വിശദീകരണം.

കമ്പനികള്‍ സിമന്‍റിന് തോന്നുംപടി വിലകൂട്ടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്. കൊവിഡ് പ്രതിസന്ധികളില്‍ നിന്ന് നി‍ര്‍മാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് സിമന്റിന് വിലകയറുന്നത്. കൊവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. മാസങ്ങള്‍ക്ക് മുമ്പ് ഇതുയര്‍ന്ന് 445 രൂപവരെയെത്തി. കമ്പനികള്‍ നല്‍കുന്ന ഇളവുകള്‍ ചേര്‍ത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ ദിവസം വരെ ചില്ലറ വില്‍പന. ഇതാണ് 525 രൂപയിലേക്ക് ഉയരുന്നത്. നിലവിലുളള സ്റ്റോക്ക് പഴയവിലയ്ക്ക് വില്‍ക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണയില്‍ പ്രതിഫലിക്കും. സ്വകാര്യ കമ്പനികള്‍ വിലകൂട്ടുമ്പോള്‍ പൊതുമേഖല സ്ഥാപനമായ മലബര്‍ സിമന്റും വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകും.

വാര്‍ക്കക്കമ്പി ഉള്‍പ്പെടെയുള്ള ഉരുക്ക് ഉല്‍പന്നങ്ങള്‍ക്ക് കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തെ അപേക്ഷിച്ച്‌ കിലോയ്ക്ക് 25 രൂപ വരെ വര്‍ധനയുണ്ട്. ഇതു കിലോയ്ക്ക് 70 രൂപ കടന്നു. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 45 രൂപയായിരുന്നു. 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടു നിര്‍മിക്കാന്‍ 500 ചാക്കു സിമന്റും 4 ടണ്‍ കമ്പിയും വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. നിര്‍മാണത്തിന് ആവശ്യമായ പാറപ്പൊടിക്കും കരിങ്കല്ലിനും പ്ലമിങ് ഉല്‍പന്നങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. അതേസമയം, സിമന്റ് വില കുതിച്ചുയര്‍ന്നാല്‍ കരാര്‍ എടുത്ത പ്രവൃത്തികളില്‍ 30 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് കാട്ടി സര്‍ക്കാര്‍ കരാറുകാര്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തി വില ഏകീകരണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്.

Related Articles

Back to top button