IndiaLatest

ഗള്‍ഫിലേക്ക് മടങ്ങാന്‍ വന്‍ ടിക്കറ്റ് നിരക്ക്

“Manju”

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് യാത്രാ വിലക്ക് പിന്‍വലിച്ചപ്പോള്‍ ജോലി സ്ഥലത്തേക്ക് തിരിച്ച്‌ പോകാന്‍ ഒരുങ്ങുകയാണ് പ്രവാസികള്‍. എയര്‍ലൈനുകള്‍ വന്‍തോതില്‍ ടിക്കറ്റ് നിരക്ക് കൂട്ടിയതിന്റെ ആഘാതത്തിലാണു പ്രവാസി മലയാളികള്‍. മാസങ്ങളോളം ജോലി ഇല്ലാതെ നാട്ടില്‍ കുടുങ്ങിയവര്‍ തിരിച്ചുപോകാന്‍ ഒരുങ്ങവെയാണ് ഈ ഇരുട്ടടി. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത വിധത്തില്‍ വന്‍ വര്‍ദ്ധനവാണ് ടിക്കറ്റ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്. ജോലി നഷ്ടപ്പെടാതിരിക്കാന്‍ പലരും കൂടിയ തുക മുടക്കി യാത്ര ചെയ്യുന്നു. ചിലരാകട്ടെ, നിരക്ക് കുറയുന്നതു വരെ കാത്തിരിക്കുന്നു.
വിവിധ രാജ്യങ്ങളുമായി എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം നടത്തുന്ന സര്‍വീസ് നാമമാത്രമാണ്. സൗദിയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളും വന്ദേഭാരത് മിഷന്‍ സര്‍വീസുമാണു നിലവിലുള്ളത്. സാധാരണ സര്‍വീസ് പുനരാരംഭിക്കുകയോ കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ നിരക്ക് കുറയുമെന്നു പ്രവാസികള്‍ പറയുന്നു.
സൗദിയിലേക്ക് നാട്ടില്‍ നിന്നു നേരിട്ടുള്ള വിമാനങ്ങളില്‍ 30,000, 40,000 രൂപയാണ് ഇപ്പോള്‍ ടിക്കറ്റ് വില. എന്നാല്‍ സൗദിയില്‍നിന്ന് 2 ഡോസ് വാക്‌സീന്‍ എടുത്തു നാട്ടിലെത്തിയവര്‍ക്കു മാത്രമേ ഇങ്ങനെ പോകാനാകൂ. അല്ലാത്തവര്‍ക്ക് യുഎഇ ഉള്‍പ്പെടെ ഇതര രാജ്യങ്ങളില്‍ 15 ദിവസത്തെ ക്വാറന്റീന്‍ പാക്കേജ് അടക്കം 75,000, 80,000 രൂപ വരും.
കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചെങ്കിലും കേരളത്തില്‍നിന്ന് കുവൈത്തിലേക്കുള്ള നിരക്കില്‍ കുറവില്ല. 96,000 രൂപ മുതല്‍ 1,44,000 വരെയാണ് ജസീറ എയര്‍വേയ്‌സില്‍ കൊച്ചിയില്‍ നിന്നുള്ള നിരക്ക്. ഒക്ടോബര്‍ 14 മുതല്‍ കുറഞ്ഞ നിരക്ക് 85,808 രൂപയാണെന്നും അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു.
കൊച്ചി യുഎഇ ടിക്കറ്റ് നിരക്ക് 25,000 രൂപ മുതലാണ്. മസ്‌കത്തിലേക്കു 40,000 50,000 രൂപ. ബഹ്‌റൈനിലേക്കു എയര്‍ ഇന്ത്യയില്‍ നേരിട്ടു പറക്കാന്‍ 30,000നു മുകളിലാണ്. വിദേശ വിമാന കമ്ബനികളില്‍ 43,000നു മുകളിലാണ്. ദോഹയിലേക്കു കേരളത്തില്‍ നിന്നുള്ള നിരക്ക് 22,000 34,000 രൂപ. തിരിച്ച്‌ 8,873 – 9,255 രൂപ മാത്രം.

Related Articles

Back to top button