International

ദുബായ് എക്സ്പോയിൽ ശ്രദ്ധാകേന്ദ്രമായി  ഇന്ത്യൻ പവലിയൻ

“Manju”

ദുബായ് : ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയണിൽ സ്ഥാപിച്ചിരിക്കുന്ന അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ മാതൃക ജനശ്രദ്ധയാകർഷിക്കുന്നു. രാജ്യത്തിന്റെ പൈതൃകവും പ്രൗഢിയും വിളിച്ചോതുന്ന ശിൽപ്പങ്ങളാണ് പവലിയണിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ മൂന്ന് നിലയുള്ള പവലിയണിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപ്പങ്ങൾ ഇന്ത്യയുടെ പാരമ്പര്യത്തേയും ഉയർത്തിക്കാട്ടുന്നവയാണ്.

ഇന്ത്യൻ പവിലിയണിന്റെ ഏറ്റവും മുൻവശത്ത് യോഗയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ശിൽപ്പങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. തുടർന്ന് ലോകത്തിന്റെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ താജ് മഹലും കാണാം. ഗുജറാത്തിലെ റാണി കി വാവും, കോണാർക്കിലെ സൂര്യ ക്ഷേത്രവും, കാശി വിശ്വനാഥ ക്ഷേത്രവും പവലിയണിലെ പ്രധാന ആകർഷണങ്ങളാണ്. ഇതെല്ലാം ഒന്നാം നിലയിൽ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നതും. തുടർന്ന് രണ്ടാം നിലയിൽ കേന്ദ്ര സർക്കാരും വിവിധ കമ്പനികളും സ്ഥാപിച്ച നിർമ്മാണങ്ങൾ കാണാം.

പവലിയൻ സന്ദർശനത്തിന്റെ അവസാനത്തോട് അടുക്കുമ്പോഴാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ശിൽപ്പങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഇതോടൊപ്പം അബുദാബിയിൽ നിർമ്മിക്കുന്ന ബിഎപിഎസ് ഹിന്ദു ക്ഷേത്തിന്റെയും വാരണാസിയിലെ ഘട്ടുകളുടേയും ചിത്രങ്ങളും ഇവിടെയുണ്ട്. ഇന്ത്യയുടെ ഐക്യത്തെ ചൂണ്ടിക്കാട്ടുന്ന ഏകതാ പ്രതിമയുടെ ശിൽപ്പവും ഇന്ത്യൻ പവിലിയണിൽ സ്ഥാപിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുളള എൻബിസിസിയാണ് ദുബായ് എക്‌സ്‌പോയിൽ പവിലിയൻ നിർമ്മിച്ചത്. ഇതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയും രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് എന്തെല്ലാം സ്ഥാപിക്കണമെന്ന് ആസൂത്രണം ചെയ്തതും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയാണ്. രാജ്യത്തിന്റെ അഭിമാനവും പാരമ്പര്യവും എടുത്തുകാണിക്കാൻ കൂടി വേണ്ടിയാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം ഇതിൽ ഉൾപ്പെടുത്തിയത് എന്ന നിർമ്മാണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നു.

Related Articles

Back to top button