India

റോഡ് അപകടങ്ങൾ; പുതിയ പദ്ധതി ആവിഷ്‌കരിച്ച് കേന്ദ്ര സർക്കാർ

“Manju”

ന്യൂഡൽഹി: റോഡ് അപകടങ്ങളിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഒക്ടോബർ 15 മുതലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. മാർച്ച് 2026 വരെ പദ്ധതി തുടരുമെന്നാണ് മന്ത്രാലയം അറിയിച്ചത്. ഇത്തരം കേസുകൾ പരിഗണിച്ച് പ്രതിവർഷം ദേശീയ തലത്തിൽ മികച്ച രക്ഷപ്പെടുത്തൽ നടത്തിയ വ്യക്തിക്ക് ഒരു ലക്ഷം രൂപ അധിക പാരിതോഷികവും നൽകുന്നതാണ്.

റോഡ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഗോൾഡൻ അവറായി കണക്കാക്കുന്ന നിർണ്ണായക മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചാൽ 5000 രൂപയാണ് പാരിതോഷികമായി ലഭിക്കുക. ഒന്നിലധികം ആളുകളെ രക്ഷിച്ചാലും ഇതേ തുക തന്നെയാണ് ലഭിക്കുക.

റോഡ് അപകടങ്ങൾ മൂലം ശരിയായ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കുറയ്‌ക്കാനാണ് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. കേന്ദ്ര നിയമകമ്മീഷന്റെ കണക്കനുസരിച്ച് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് രാജ്യത്തെ റോഡ് അപകടങ്ങളിൽ 50 ശതമാനം ആളുകളും മരണത്തിനു കീഴടങ്ങുന്നത്. ഇത്തരത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കാണ് പാരിതോഷികം നൽകുന്നത്.

ഗുരുതരമായ പരിക്ക് എന്താണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ട്. നിയമങ്ങൾ പ്രകാരം അപകടം പറ്റിയ വ്യക്തി ശസ്ത്രക്രിയയ്‌ക്ക് വിധേയനാവുകയോ, മൂന്ന് ദിവസമെങ്കിലും ആശുപത്രിയിൽ കിടക്കുകയോ വേണം. അല്ലെങ്കിൽ തലച്ചോർ, നട്ടെല്ല് എന്നിവയ്‌ക്ക് പരിക്ക് പറ്റിയിരിക്കണം. ഒന്നിലധികം ആളുകൾ ചേർന്നാണ് പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുന്നതെങ്കിൽ ഓരോ വ്യക്തിക്കും 5000 രൂപ വീതംവച്ച് നൽകും. അപകടം നടന്നാൽ ആ വിവരം പോലീസിനെ അറിയിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

റോഡ് അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറയ്‌ക്കാനും ഇവരെ കൃത്യ സമയത്ത് ചികിത്സയ്‌ക്ക് എത്തിക്കാനുള്ള ജനങ്ങളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

Related Articles

Back to top button