KeralaLatest

പൊതുകടം വര്‍ധിച്ച്‌ വരുന്നു, ധനമന്ത്രി

“Manju”

തിരുവനന്തപുരം: വര്‍ദ്ധിച്ചു വരുന്ന പൊതു കടത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ കൈകാര്യം ചെയ്തിട്ടുളളത് ഇടത് സര്‍ക്കാരുകളാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ചെലവ് വരുമാനത്തെക്കാള്‍ ഉയരുമ്പോള്‍ കടമെടുക്കുക എന്നത് എല്ലാ സര്‍ക്കാരുകളും ചെയ്യുന്നതാണ് എന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായത് നല്‍കാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുമ്പോഴും പ്രതിപക്ഷം ആക്രമിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ മാത്രമാണ് എന്നും കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.
കെഎന്‍ ബാലഗോപാലിന്റെ കുറിപ്പ്: ” കേരളത്തിലെ ആദ്യത്തെ ഗവണ്‍മെന്റിന്റെ കാലം മുതലിങ്ങോട്ട് സംസ്ഥാനത്തിന്റെ പൊതുകടം വര്‍ദ്ധിച്ചുവരുന്നുണ്ട്. ഓരോ ഗവണ്‍മെന്റിന്റെ കാലാവധി കഴിയുമ്പോഴും തൊട്ടുമുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടിയ പൊതുകടം ഉണ്ടായി വരുന്നു. അടിസ്ഥാനസൗകര്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന വന്‍ നിക്ഷേപങ്ങളും, ശമ്ബളവും പെന്‍ഷനുമായി നല്‍കുന്ന വലിയ വിഹിതവും പലപ്പോഴും ആകെ റവന്യൂ വരുമാനത്തെ അധികരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ചെലവ് വരുമാനത്തെ അധികരിക്കുമ്പോള്‍ കടമെടുത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് എല്ലാ ഗവണ്‍മെന്റുകളും സ്വീകരിച്ചുവരുന്ന രീതിയാണ്.
എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന പൊതു കടത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത് എല്‍ഡിഎഫ് ഗവണ്‍മെന്റുകള്‍ക്കാണ് എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ കാണാവുന്നതാണ്. 2011-16 ലെ UDF ഗവണ്‍മെന്റിന്റെ കാലത്ത് മുന്‍ ഗവണ്‍മെന്റിന്റെ കാലത്തേക്കാള്‍ 76 % കടം വര്‍ധിക്കുകയുണ്ടായി. എന്നാല്‍ 2016-21 LDF കാലത്ത് 62% വര്‍ധനവ് മാത്രമാണ് ആകെ കടത്തിലുണ്ടായത്. രണ്ടു പ്രളയങ്ങളും നിപ്പയും, ഏതാണ്ട് ഒരു വര്‍ഷത്തിലധികം കാലം സാമ്ബത്തിക മേഖലയെയാകെ സ്തംഭിപ്പിച്ച കോവിഡും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടും സാമ്ബത്തിക രംഗത്തെ തകര്‍ച്ച കൂടാതെ മുന്നോട്ടു നയിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന് കഴിഞ്ഞു. 2011-16 കാലത്ത് പൊതു കടത്തിലുണ്ടായ ശരാശരി വാര്‍ഷിക വളര്‍ച്ച നിരക്ക് 15.2 % ആയിരുന്നെങ്കില്‍ 2016-21 കാലത്ത് അത് 14 % മാത്രമാണ്.
മുന്‍കാലങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. 2001-06 ലെ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് കടത്തില്‍ ഉണ്ടായ വര്‍ദ്ധനവിനേക്കാള്‍ കുറവായിരുന്നു 2006-11 ലെ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്തുണ്ടായ വര്‍ദ്ധനവ്. അര്‍ഹമായി നല്‍കേണ്ട സാമ്ബത്തിക വിഹിതം നിഷേധിച്ചും വെട്ടിക്കുറച്ചും കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റിനെ വരിഞ്ഞു മുറുക്കുമ്പോഴും കേരളത്തിലെ പ്രതിപക്ഷം ആക്രമിക്കുന്നത് സംസ്ഥാന ഗവണ്‍മെന്റിനെയാണ് എന്നതാണ് വിരോധാഭാസം.
കോവിഡിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാനത്തെ ഖജനാവിനെ മുടക്കമില്ലാതെ കൊണ്ടുപോകുന്ന സര്‍ക്കാരിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് പ്രതിപക്ഷത്തിന്. കണക്കുകള്‍ പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും വസ്തുതകള്‍ മനസ്സിലാക്കാമെന്നിരിക്കെ ജനങ്ങളാകെ ഈ പ്രതിസന്ധി കാലത്ത് സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്”.

Related Articles

Back to top button