KeralaLatest

പ്രളയസ്ഥിതി വിലയിരുത്തി; ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണം

“Manju”

പത്തനംതിട്ട: ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.

യോഗത്തില്‍ ജില്ലയിലെ പൊതുസ്ഥിതി വിലയിരുത്തി. അതിശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവ അപകട നിലയ്ക്ക് മുകളിലാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവയെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. വരും ദിവസങ്ങളില്‍ ക്രമീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഈ മാസം 20 മുതല്‍ 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതില്‍ 20, 21 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

കക്കി-ആനത്തോട് ഡാം തിങ്കളാഴ്ച രാവിലെ 11 മണിയോടെ തുറന്നിട്ടുണ്ട്. 979.9 മീറ്റര്‍ ജലനിരപ്പാണ് ഉണ്ടായിരുന്നത്. രാത്രിയില്‍ ഉണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായിരുന്നു. ഇപ്പോള്‍ അതിന് കുറവ് വന്നിട്ടുണ്ട്. വനമേഖലയില്‍ ശക്തമായ മഴയോ, ഉരുള്‍പൊട്ടലോ ഉണ്ടായാല്‍ അപകട സാധ്യത കുറയ്ക്കുന്നതിനായാണ് ഡാം ഇപ്പോള്‍ വളരെ ചെറിയ തോതില്‍ ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. 15 സെ.മി മാത്രമാകും ജലനിരപ്പ് ഉയരുക. കൃത്യമായ മുന്നറിയിപ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ നല്കിയിരുന്നു. 94 ശതമാനം ജലനിരപ്പാണ് ഡാമില്‍ ഉണ്ടായിരുന്നത്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാന്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button