EntertainmentKeralaLatest

ബിച്ചുതിരുമല വിടവാങ്ങി

“Manju”

തിരുവനന്തപുരം : മലയാളികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഗാനങ്ങള്‍ രചിച്ച ബിച്ചുതിരുമല വിടവാങ്ങി.തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. 1941 ഫെബ്രുവരി 13 നാണ് അദ്ദേഹം ജനിച്ചത്.  ബി. ശിവശങ്കരൻ നായർ എന്നാണ് യഥാർത്ഥ പേര്. അച്ഛൻ സി.ജെ. ഭാസ്കരൻ നായർ, മാതാവ് ശാസ്തമംഗലം പഠാണിക്കുന്നു വീട്ടിൽ പാറുക്കുട്ടിയമ്മ. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. നാനൂറിലേറെ സിനിമകള്‍ക്കായി ആയിരത്തിലേറേ ഗാനങ്ങള്‍ രചിച്ചിട്ടുള്ള ബിച്ചു തിരുമലയ്ക്ക് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ജനഹൃദയങ്ങളില്‍ ഇടം പിടിച്ച പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ ഈ ഗാനം ഏറെ പ്രിയപ്പെട്ടതായിരുന്നു.
പ്രേക്ഷകരെ വല്ലാതെ വീര്‍പ്പുമുട്ടിച്ച ഫാസില്‍ ചിത്രമായിരുന്നു ‘പപ്പയുടെ സ്വന്തം അപ്പൂസ്’. ജാനകിയമ്മയുടെ ശബ്ദത്തില്‍ പുറത്തുവന്ന ‘ഓലത്തുമ്ബത്തിരുന്ന് ഊയലാടും ചെല്ല പൈങ്കിളി ‘ എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. ‘ എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്ബം പാടെടീ ‘എന്ന അടുത്തവരി മഷിയില്‍ കണ്ണീര്‍ കലര്‍ത്തിയാണ് ബിച്ചുതിരുമല എഴുതിയത്. അറിവില്ലാ പൈതലായിരിക്കുമ്ബോള്‍ വേര്‍പെട്ടുപോയ കുഞ്ഞനുജന്റെ അവ്യക്തമായ ചിത്രമായിരുന്നു ആ ഗാനരചനയില്‍ ഉടനീളം മനസില്‍. ബിച്ചുവിന് അന്ന് പ്രായം നാലുവയസ്. അനുജനെ എണ്ണ പുരട്ടി അമ്മ കുളിപ്പിക്കുന്നത് ഒരുപക്ഷേ മനസില്‍ കയറികൂടിയിട്ടുണ്ടാവാം. ഒരു രാത്രി മുഴുവന്‍ അനുജന്‍ നിര്‍ത്താതെ കരച്ചില്‍. അമ്മ എത്ര ശ്രമിച്ചിട്ടും കരച്ചില്‍ അടക്കാനാവുന്നില്ല. ഒടുവില്‍ എപ്പോഴോ ആ കരച്ചില്‍ നിലച്ചു. അടുത്ത ദിവസം രാവിലെ വീട്ടിലെ കാര്യസ്ഥന്‍ വന്ന് വലിയൊരു വാഴയില വെട്ടി തിണ്ണയില്‍ ഇട്ടു. ആര്‍ക്ക് ചോറു വിളമ്ബാനാണ് ഇത്രയും വലിയ ഇലയെന്നായിരുന്നു അപ്പോള്‍ തോന്നിയ സന്ദേഹം. ഏറെ നാള്‍ കഴിഞ്ഞാണ് മനസിലായത്, വലിയ ഇലയില്‍ പൊതിഞ്ഞത് സ്വന്തം അനുജനെയാണെന്ന്. ഇന്നും ആ പാട്ട് നൊമ്ബരമായാണ് മനസില്‍ നില്‍ക്കുന്നത്. ‘മുളയ്ക്കാത്ത വിത്ത് ‘ എന്ന കവിത പിന്നീട് എഴുതിയതും അനുജന്റെ വേര്‍പാട് ആധാരമാക്കിയാണ്.

Related Articles

Back to top button