InternationalLatest

ഓങ് സാന്‍ സുചിയ്‌ക്ക് വീണ്ടും തടവ്ശിക്ഷ വിധിച്ച്‌ കോടതി

“Manju”

യാങ്കൂണ്‍: നൊബേല്‍ സമ്മാന ജേതാവും മ്യാന്‍മാറിലെ ഏറ്റവും ജനപ്രീതിയുള‌ള നേതാവുമായ ഓങ് സാന്‍ സുചിയ്‌ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി.
സുചിയുടെ രാഷ്‌ട്രീയ കക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) 83 ശതമാനം വോട്ട് നേടി കഴിഞ്ഞ നവംബറില്‍ പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച്‌ പട്ടാളം ഇവരെ തടവിലാക്കി. ഫെബ്രുവരിയില്‍ പട്ടാള അട്ടിമറിയിലൂടെ അധികാരത്തില്‍ നിന്ന് സുചിയെ പുറത്താക്കി. മുന്‍ പ്രസിഡന്റ് വിന്‍ മിന്റിനെയും ഇതേ കു‌റ്റത്തിന് നെയ്‌പീതോയിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചെങ്കിലും ഇദ്ദേഹത്തെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല.
സുചിയുടെ അഭിഭാഷകര്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പട്ടാളം പിന്തുണയ്‌ക്കുന്ന യൂണിയന്‍ സോളിഡാരിറ്റി, ഡവലപ്‌മെന്റ് പാര്‍ട്ടി എന്നിവയ്‌ക്ക് ആകെ 476 സീ‌റ്റുകളില്‍ 33 ഇടത്ത് മാത്രമേ ജയിക്കാനായുള‌ളു. തുടര്‍ന്നാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. ഇതിനെതിരെ നടന്ന കലാപത്തില്‍ 1300 പേരാണ് മരിച്ചത്.
രാജ്യത്തെ ഒരു മുന്‍ മുഖ്യമന്ത്രിയെ കോടതി ഈയിടെ 75 കൊല്ലത്തെ തടവിന് ശിക്ഷിച്ചിരുന്നു. സുചിയുടെ അടുത്ത ഒരു അനുയായിക്ക് 20 വര്‍ഷം തടവും ലഭിച്ചിരുന്നു. ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍ സുചിയുടെ ശിക്ഷാവിധിയെ അപലപിച്ചിട്ടുണ്ട്. മ്യാന്‍മാറില്‍ പട്ടാളഭരണത്തിനെതിരായി പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള‌ള ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് ഈ ശിക്ഷാവിധിയെന്ന് ആംനെസ്‌റ്റി പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാനുള‌ള അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങളെ പട്ടാള ഭരണകൂടം വിലവയ്‌ക്കുന്നില്ല എന്നതിന്റെ ഉദാഹരണങ്ങളാണ് ഇപ്പോഴും തുടരുന്ന സംഭവങ്ങള്‍.

Related Articles

Back to top button