IndiaLatest

കൊവിഡിൽ അനാഥരായ കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ നാളെ വിതരണം ചെയ്യും

“Manju”

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പി എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രനിന്റെ ഭാഗമായി നാളെ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരിക്കും പരിപാടി നടക്കുക. കുട്ടികളുടെ രക്ഷിതാക്കളും ജില്ലാ മജിസ്ട്രേറ്റുമാരും പരിപാടിയില്‍ പങ്കെടുക്കും.

അതത് ജില്ലകളില്‍ നിന്ന് പങ്കെടുക്കുന്ന വിശിഷ്ടാഥിതികള്‍ പ്രധാനപ്പെട്ട പദ്ധതികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കുട്ടികള്‍ക്ക് കൈമാറും. അനാഥരായ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍, യൂണിഫോം തുടങ്ങിയവ നല്‍കി സൗജന്യ പഠനസൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അവരുടെ ഫീസുകള്‍ അതത് സ്കൂളുകള്‍ തന്നെ മടക്കി നല്‍കും. വാത്സല്യ പദ്ധതിയുടെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്കും സമഗ്രമായ പരിരക്ഷ ലഭിക്കും. അതേസമയം ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികള്‍ക്ക് 4000 രൂപയാണ് പ്രതിമാസ സഹായധനമായി ലഭിക്കുക.

സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് പരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ഉള്‍പ്പെടെയുള്ള സഹായം ആ സ്ഥാപനത്തിനാണ് ലഭ്യമാക്കുക. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം വിദ്യാഭ്യാസം ആരോഗ്യസേവനം എന്നിവ അങ്കണവാടികള്‍ വഴി ലഭ്യമാക്കും. പതിനെട്ട് വയസുമുതല്‍ 23 വയസുവരെയുള്ളവര്‍ക്ക് മാസംതോറും സ്റ്റൈപന്‍ഡ്. 23 വയസ് ആകുമ്പോള്‍ ആകെ പത്തുലക്ഷം രൂപ അവര്‍ക്ക് ലഭിക്കും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാനങ്ങളുടെ വകയായി 50,000 രൂപ സഹായവും ലഭിക്കും. കുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പയും ലഭ്യമാക്കും. അതിന്റെ പലിശ പി എം കെയേഴ്‌ ഫണ്ടില്‍ നിന്നായിരിക്കും അടയ്ക്കുക.

ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരില്‍ കേരളത്തില്‍ നിന്ന് 112 കുട്ടികളാണുള്ളത്. ഇതില്‍ 93 പേര്‍ 18 വയസിന് താഴെയുള്ളവരും, 19 പേര്‍ 18 വയസിന് മുകളിലുള്ളവരുമാണ്. പതിനെട്ടുവയസിന് താഴെയുള്ളവരില്‍ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് മലപ്പുറം തൃശൂര്‍ ജില്ലകളിലെ കുട്ടികള്‍ക്കാണ്. പത്ത് കൂട്ടികള്‍ വീതമാണ് ഇവിടെ നിന്നും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

പതിനെട്ടുവയസിന് മുകളിലുള്ളവരില്‍ കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള ആരുമില്ല. ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ ഉള്ളത് തിരുവനന്തപുരത്ത് നിന്നുമാണ്. നാലുപേരാണ് ആനുകൂല്യത്തിന് അര്‍ഹരായി ഈ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

 

Related Articles

Back to top button