IndiaLatest

വേലിയേറ്റം ശക്തം: കടക്കരയില്‍ റോഡും പറമ്പുകളും വെള്ളത്തില്‍

“Manju”

പറവൂര്‍: ശക്തമായ വേലിയേറ്റത്തില്‍ ഏഴിക്കര പഞ്ചായത്തിലെ കടക്കര മേഖലയില്‍ റോഡുകളിലും പറമ്ബുകളിലും വെള്ളത്തിലായി.
വീടുകളുടെ മുറ്റത്ത് വെള്ളംകയറിയതോടെ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. വൃശ്ചികമാസങ്ങളില്‍ കൂടുതല്‍ വേലിയേറ്റം ഉണ്ടാകാറുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ വര്‍ഷം കൂടുതലാണ്. ഓരോ വര്‍ഷവും വേലിയേറ്റം കൂടിവരുന്നതില്‍ ഈ പ്രദേശത്തുള്ളവര്‍ ആശങ്കയിലാണ്. ദിവസവും രണ്ടു നേരം വെള്ളം കയറും.

വീരന്‍പുഴയുടെ തീരത്തുള്ള പ്രദേശങ്ങളിലാണ് വെള്ളം കയറുന്നത്. ഏഴിക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും ഈ അവസ്ഥയാണ്. കടക്കര പുളിയാമ്ബിള്ളി റോഡില്‍ വേലിയേറ്റ സമയത്ത് ഒരു അടിയോളം വെള്ളമുണ്ടാകും. ഈ സമയത്ത് നടന്നുപോകാന്‍ സാധിക്കില്ല.

ബൈക്കിലും ഇതിലൂടെ പോകാന്‍ വളരെ ബുദ്ധിമുട്ടേണ്ടതായിവരും. വെള്ളം കയറിയതോടെ റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. വെള്ളം ഇറങ്ങിയാലും റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ഓട്ടോറിക്ഷ വിളിച്ചാല്‍ വരാത്ത അവസ്ഥയിലാണ്. ആഴ്ചകളായി വേലിയേറ്റത്തിന്റെ ദുരിതത്തിലാണ് കടക്കര പ്രദേശത്തുള്ളവര്‍.

ഈ പ്രദേശത്തെ റോഡുകളുടെ ഉയരം കൂട്ടിയാല്‍ മാത്രമേ ഭാവിയില്‍ വേലിയേറ്റ സയമത്ത് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളു. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ എലിപ്പനി പോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലും. വെള്ളം കയറിയതോടെ ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവര്‍ കടക്കര പ്രദേശത്തുള്ളവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

Related Articles

Back to top button