LatestSports

ചരിത്രം കുറിച്ച്‌ രാഹുല്‍

“Manju”

സെഞ്ചുറിയന്‍: ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യക്ക് ആദ്യ ദിനം മികച്ച നിലയില്‍.
ആദ്യ ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 272 റണ്‍സ് എന്ന നിലയിലാണ്. 122 റണ്‍സുമായി രാഹുലും 40 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.

ദക്ഷിണാഫ്രിക്കയില്‍ 2007ല്‍ വസീം ജാഫര്‍ സെഞ്ചുറി (116) നേടിയശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഓപ്പണറാണ് രാഹുല്‍.

ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ വിരാട് കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ കളിച്ച രാഹുലും മായങ്ക് അഗര്‍വാളും ഇന്ത്യക്കു മികച്ച തുടക്കം നല്‍കി. 117 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്. അര്‍ധ സെഞ്ചുറി കടന്ന അഗര്‍വാളിനെ ലുംഗി എന്‍ഗിഡി വിക്കറ്റിനു മുന്നില്‍ കുരുക്കി. 123 പന്തില്‍ ഒന്‍പത് ഫോറുകളുടെ അകമ്പടിയില്‍ 60 റണ്‍സ് നേടി. അടുത്ത പന്തില്‍ എന്‍ഗിഡി അക്കൗണ്ട് തുറക്കുംമുമ്പേ ചേതേശ്വര്‍ പൂജാരയെ കീഗന്‍ പീറ്റേഴ്സന്റെ കൈകളിലെത്തിച്ചു.

അടുത്തടുത്ത പന്തുകളില്‍ വിക്കറ്റുകള്‍ നഷ്ടമായോടെ രാഹുലും കോഹ്‌ലിയും കരുതലോടെ കളിച്ചു. എന്നാല്‍ സാവധാനം മുന്നോട്ടു നീങ്ങിയ ഈ സഖ്യവും എന്‍ഗിഡി തകര്‍ത്തു. 82 റണ്‍സാണ് ഈ മൂന്നാം വിക്കറ്റ് സഖ്യം നേടിയത്. അര്‍ധ സെഞ്ചുറി പ്രതീക്ഷയില്‍ നീങ്ങിയ കോഹ്‌ലി (35) വിയാന്‍ മള്‍ഡര്‍ക്കു ക്യാച്ച്‌ നല്‍കി. രാഹുലിനു കൂട്ടായെത്തിയ രഹാനെ പ്രതിരോധത്തിനൊപ്പം ആക്രമണവും നടത്തിയതോടെ ഇന്ത്യന്‍ സ്കോര്‍ പെട്ടെന്നു ഉയര്‍ന്നു. ഇതിനിടെ രാഹുല്‍ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ചുറിയും നേടി. 78-ാം ഓവറില്‍ കേശവ് മഹാരാജിനെ ബൗണ്ടറിയിലേക്കു പായിച്ചാണ് നൂറുകടന്നത്.

Related Articles

Back to top button