KeralaLatest

വയനാട്ടില്‍ കൂടുതല്‍ അണക്കെട്ടുകള്‍ സ്ഥാപിക്കും

“Manju”

തിരുവനന്തപുരം: വയനാട്ടില്‍ കൂടുതല്‍ അണക്കെട്ടുകള്‍ സ്ഥാപിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ജലം സംഭരിക്കാന്‍ ജില്ലയില്‍ മതിയായ സംവിധാനങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നലെ വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലം സംഭരിക്കാന്‍ മതിയായ സംവിധാനമില്ലാത്തതാണ് പുതിയ അണക്കെട്ടുകളുടെ നിര്‍മ്മാണത്തിന് കാരണമായി വരുന്നത്. സംഭരിക്കാന്‍ അണക്കെട്ടുകളില്ലാത്തതു കൊണ്ട് കേരളത്തിനവകാശപ്പെട്ട 11 ടി.എം.സിയിലധികം ജലം പാഴാവുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലയില്‍ പുതിയ അണക്കെട്ടുകള്‍ അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

വയനാട്ടിലെ തൊണ്ടാര്‍, കടമാന്‍തോട് അടക്കമുള്ള പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനാണുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്താനാണ് ജല വിഭവ വകുപ്പിന്റെ തീരുമാനം.

അതേസമയം ഡാമുകള്‍ കേന്ദ്രീകരിച്ച്‌ ഇറിഗേഷന്‍ ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കാരപ്പുഴ ഡാം സന്ദര്‍ശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. എം.എല്‍.എ മാരായ ടി. സിദ്ധീഖ് ഒ.ആര്‍ കേളു , ഐ സി ബാലകൃഷ്ണന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Related Articles

Back to top button