KeralaLatest

വനനാശവും ജലക്ഷാമവും ഉണ്ടാവും നദീസംരക്ഷണസമിതി

“Manju”

കോഴിക്കോട്: കെ-റെയിൽ പദ്ധതിയും തുരങ്കപാത പദ്ധതിയും നടപ്പാക്കപ്പെടുന്നതോടെ മലബാർ മേഖല കടുത്ത വനനാശത്തിന്റെയും ജലക്ഷാമത്തിന്റെയും പിടിയിലമരുമെന്ന് കേരളനദീസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന പരിസ്ഥിതി-സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ യോഗം അഭിപ്രായപ്പെട്ടു.

ജലസംഭരണിയായ മാടായിപ്പാറ ജൈവവൈവിധ്യ ഉദ്യാനം തകർക്കപ്പെടുന്നതോടെ കുപ്പം, രാമപുരം, പെരുമ്പ പുഴകളും അവിടത്തെ 637 സസ്യവർഗങ്ങളും 142 ചിത്രശലഭവർഗങ്ങളും 186 പക്ഷിയിനങ്ങളും 60 ഇനം തുമ്പികളും 24 ഇനം ഉരഗങ്ങളും 19 ഇനം ഉഭയ ജീവികളും നാമാവശേഷമാവും. കവ്വായി കായൽ ഇതോടെ ഇല്ലാതാകും. ഉത്തര മലബാറിലെ ജലസമൃദ്ധിക്ക് ഇത് അന്ത്യം കുറിക്കും.

ദേശാടനപ്പക്ഷികളുടെ വിഹാരകേന്ദ്രമായ കടലുണ്ടിപക്ഷിസങ്കേതവും തിരുന്നാവായയിലെ താമരക്കൃഷിയിടവും പൊന്നാനി, തൃശ്ശൂർ കോൾനിലങ്ങളും നശിക്കും. 164-ലധികം ജലസ്രോസ്സുകളെയും തോടുകളെയും നദികളെയും മുറിച്ചാണ് പാത കടന്നുപോകുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

തുരങ്കപാത പ്രാവർത്തികമാകുന്നതോടെ ചാലിപ്പുഴയും ഇരുവഴിഞ്ഞിപ്പുഴയും മറിപ്പുഴയും ചെറുപുഴയും ഇല്ലാതാവുകയും ചാലിയാറിന്റെ ജലസമൃദ്ധിക്ക് വളരെയധികം കുറവുണ്ടാക്കുകയും ചെയ്യും.പശ്ചിമഘട്ട മേഖലയിൽപ്പെടുന്ന ചെമ്പ്രമല, വെള്ളരിമല, വാവുൽമല, തൊള്ളായിരം കണ്ടി തുടങ്ങിയ മലമേഖലകൾ തുരക്കുകവഴി പശ്ചിമഘട്ട പരിസ്ഥിതിക്കും വനമേഖലയ്ക്കും ഉണ്ടാവുന്ന നാശം അചിന്തനീയമാണ് എന്ന് യോഗം വിലയിരുത്തി.

ഇരുപതോളം സംഘടനാ പ്രതിനിധികൾ യോഗതിൽ പങ്കെടുത്തു. വന-നദീസംരക്ഷണസമിതി സംസ്ഥാന ജനറൽസെക്രട്ടറി ടി.വി. രാജൻ ചെയർമാനും ശബരി മുണ്ടയ്ക്കൽ ജനറൽ കൺവീനറുമായി കെ-റെയിൽ വിരുദ്ധ സമര ഐക്യദാർഢ്യസമിതിക്ക് രൂപം നൽകി.

Related Articles

Back to top button