LatestThiruvananthapuram

സംസ്ഥാന വനം കായികമേള ജനുവരി 10 മുതല്‍ തിരുവനന്തപുരത്ത് നടത്തും

“Manju”

തിരുവനന്തപുരം ; ഇരുപത്തിയേഴാമത് സംസ്ഥാന ത്രിദിന വനം കായികമേളക്ക് തിരുവനന്തപുരം വേദിയാകുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 10 മുതല്‍ 12 വരെ നടക്കുന്ന മേളയില്‍ 10 വേദികളിലായി 16 മത്സര ഇനങ്ങളില്‍ 1200 കായികതാരങ്ങള്‍ മാറ്റുരയ്ക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ജനുവരി 10ന് രാവിലെ വനംവകുപ്പ് ആസ്ഥാനത്ത് നിന്ന് കനകക്കുന്നിലേക്ക് കൂട്ട ഓട്ടം നടത്തും.

മേളയുടെ ലോഗോയും തീം സോങ്ങും മന്ത്രി പ്രകാശനം ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും മേള നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം 11ന് രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. ഗതാഗതവകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ശശി തരൂര്‍ എം പി മുഖ്യാതിഥിയാകും.

വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ, മുഖ്യവനം മേധാവി പി കെ കേശവന്‍, കൗണ്‍സിലര്‍മാരായ പാളയം രാജന്‍, രാഖി രവികുമാര്‍, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വനം വകുപ്പിന്റെ അഞ്ച് സര്‍ക്കിളുകള്‍ക്കു പുറമേ, കെ എഫ് ഡി സി, കെ എഫ് ആര്‍ ഐ, ഫോറസ്റ്റ് സെക്രട്ടേറിയറ്റ് എന്നീ മേഖലകളിലുള്ള കായികതാരങ്ങളാണ് മേളയില്‍ പങ്കെടുക്കുക.

യൂണിവേഴ്സിറ്റി സ്റ്റേഡിയം (അത്ലറ്റിക്സ് (ട്രാക്ക് &ഫീല്‍ഡ്), ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയം (ബാഡ്മിന്റണ്‍, നീന്തല്‍), ഐ എച്ച്‌ ആര്‍ ഡി ഹോസ്റ്റല്‍, പി ടി പി നഗര്‍ ( വെയിറ്റ് ലിഫ്റ്റിംഗ് & പവര്‍ ലിഫ്റ്റിംഗ്), ടെന്നിസ് കോര്‍ട്ട് കുമാരപുരം (ലോണ്‍ ടെന്നിസ്), വനശ്രീ ഓഡിറ്റോറിയം വനം വകുപ്പ് ആസ്ഥാനം (ചെസ്, കാരംസ്), റൈഫിള്‍ ഷൂട്ടിംഗ് സെന്റര്‍ വട്ടിയൂര്‍ക്കാവ് (ടേബിള്‍ ടെന്നിസ്), മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് (ക്രിക്കറ്റ്), സെന്‍ട്രല്‍ സ്റ്റേഡിയം (കബഡി, ഫുട്ബാള്‍, ആര്‍ച്ചറി), ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം പാളയം (വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍), എസ് എ പി ക്യാമ്പ് (റൈഫിള്‍ ഷൂട്ടിംഗ്) എന്നീ വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.

കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ദൂരത്തില്‍ എന്നു തുടങ്ങുന്ന മേളയുടെ തീം സോംഗിന് വരികള്‍ എഴുതിയിരിക്കുന്നത് സുതീഷ്ണ ബി.കെയും സംഗീതം നല്‍കിയിരിക്കുന്നത് പിന്നണി ഗായിക പ്രമീളയുമാണ്. മിന്ന എന്ന ആനക്കുട്ടിയാണ് മേളയുടെ ഔദ്യോഗിക ചിഹ്നം. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലെ ആനക്കുട്ടിയാണ് മിന്ന.
വനം വകുപ്പില്‍ ഡി എഫ് ഒ ആയ ബി എന്‍ നാഗരാജാണ് മേളയുടെ ലോഗോ ഡിസൈന്‍ തയാറാക്കിയത്. മേളയോടനുബന്ധിച്ച്‌ ജനുവരി 11 വൈകുന്നേരം 6.30ന് സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ ചലച്ചിത്ര പിന്നണിഗായിക പ്രമീള നയിക്കുന്ന ഗാനമേളയും സംഘടിപ്പിക്കും. വിജയികള്‍ ദേശീയ വനം കായികമേളയില്‍ കേരളത്തെ പ്രതിനിധീകരിക്കും.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സംസ്ഥാന വനം കായികമേളയുടെ നിലവിലെ ചാമ്പ്യന്‍മാര്‍ ഈസ്റ്റേണ്‍ സര്‍ക്കിളാണ്. മീറ്റ് 12ന് സമാപിക്കും. മുഖ്യ വനം മേധാവി പി കെ കേശവന്‍, എ പി സി സി എഫ് രാജേഷ് രവീന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button