ArticleLatestSpiritual

നല്ലതും ചീത്തയും എല്ലാറ്റിലുമുണ്ട്…..

“Manju”

നല്ലതും ചീത്തയും എല്ലാറ്റിലുമുണ്ട്. മനുഷ്യനിലുമുണ്ട്. മനുഷ്യനിലെ നല്ലതിനെ നിലനിര്‍ത്തിയിട്ട് ചീത്തയെ നീക്കാന്‍ ഒരു ശ്രമം വേണം. സ്വഭാവസംസ്കരണം മനസ്സിന്റെ സംസ്കരണം, ആത്മാവിന്റെ സംസ്കരണം എന്നൊക്കെ ഇതിനെ വിളിക്കാം. ആത്മസംസ്കരണത്തിനു ശ്രമിക്കുമ്പോള്‍ വേണ്ടതേത്, വേണ്ടാത്തതേത്, നല്ലതേത്, ചീത്തയേത്, എന്നൊരറിവ് ഉണ്ടാവണം. അതില്ലാതെ പ്രവര്‍ത്തിച്ചാല്‍ തെറ്റുവരും. ഇങ്ങനെ പ്രവര്‍ത്തിച്ച് മനുഷ്യനില്‍ ഒരുപാട് തെറ്റുവന്നുപോയിരിക്കുന്നു. ഒരാണ്ടത്തെ തെറ്റല്ല, ഒരു യുഗത്തിലെ തെറ്റല്ല, അനേക യുഗങ്ങളിലെ തെറ്റ് പലപ്രകാരത്തില്‍ മനുഷ്യനെ പൊതിഞ്ഞു നില്‍ക്കുന്നു. തിരുത്തിയെടുക്കാന്‍ ഒരുപാടൊരുപാടുണ്ട്.

തിരുത്തിനായി അനേകം മഹാത്മാക്കള്‍ വന്നു. ദൈവം മഹാത്മാക്കളെ കൊണ്ടുവന്നു. മഹാത്മാക്കള്‍ ദൈവഹിതം മുന്‍നിര്‍ത്തി മാതൃകാപരമായി ജീവിച്ചു. മാനവരാശിയുടെ മുഴുവന്‍ തിരുത്തിനായി പരിശ്രമിച്ചു. ഇത്തിരിയെല്ലാം തിരുത്തപ്പെട്ടു. ഒരു മഹാത്മാവിനും ഒരാചാര്യനും തങ്ങള്‍ തിരുത്തിവച്ച തിരുത്തിനു പിന്‍തുടര്‍ച്ച ഉണ്ടായില്ല. തങ്ങളുടെ പൂര്‍ണ്ണത സ്വയം ഏറ്റുവാങ്ങി ജീവിതംകൊണ്ടു പൂര്‍ത്തീകരിച്ച ശിഷ്യനുണ്ടായില്ല എന്നതാണ് കാരണം. ഉണ്ടായിരുന്നുവെങ്കില്‍ ലോകത്തിന്റെ സ്ഥിതി ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമാകുമായിരുന്നു. എന്നുവേണം കരുതാന്‍.

ലോകത്തെ നാശത്തില്‍ നിന്നു കരകയറ്റാനും കാലധര്‍മ്മം അനുസരിച്ചു ജീവിക്കാന്‍ മാനവരാശിയെ പ്രാപ്തമാക്കാനും ബ്രഹ്മനിശ്ചയപ്രകാരം വന്നതാണ് നവജ്യോതി
ശ്രീകരുണാകരഗുരു. “എന്റെ വഴി ബ്രഹ്മനിശ്ചയപ്രകാരമുള്ളതാണ്” എന്ന് ഗുരു വെളിപ്പെടുത്തുന്നു. തങ്ങളുടെ ജീവിതാനുഭവം കൊണ്ടും “പ്രത്യക്ഷാവഹം ധര്‍മം”എന്ന നിലയ്ക്ക് ദര്‍ശനവശത്തുലഭിച്ച അറിവിനാലും അനേകര്‍ക്കിത് ബോദ്ധ്യപ്പെട്ട സംഗതിയാണ്.

ഗുരുവിലൂടെ വന്ന ബ്രഹ്മനിശ്ചയത്തിന്റെ നടത്തിപ്പും മനഷ്യരാശിക്കു വേണ്ട തിരുത്തും നിര്‍വിഘ്നം മുന്നോട്ടുകൊണ്ടു പോകാന്‍ അതിമഹത്തായ ഒരു ശിഷ്യസമ്പത്ത് ഗുരു ഒരുക്കിയിട്ടുണ്ട്. അതില്‍ത്തന്നെ ഗുരുവിനോളം പൂര്‍ണ്ണത നേടിയ ശിഷ്യയുമുണ്ട്. ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി. മറ്റു മഹാത്മാക്കള്‍ക്കില്ലാതെപോയ തുടര്‍ച്ച ഇവിടെ ഉണ്ടായിരിക്കുന്നു. ശാന്തിഗിരിയുടെ ഗുരുശിഷ്യബന്ധത്തിന്റെ മഹിമ ഇതിലൂടെ വെളിവാകുന്നു.

ഇത് പൂര്‍ണ്ണമാകുന്നു. ഗുരുവില്‍ ശിഷ്യനും ശിഷ്യനില്‍ ഗുരുവും നിറയുന്ന പൂര്‍ണ്ണത. ഇത് ദൈവം ഒരുക്കിയ കനിവും നിറവും ദൈവനിശ്ചയം തന്നെയുമാകുന്നു. ലോകത്തിന് ദൈവകനിവില്‍ തുറന്നുകിട്ടിയ ദൈവപാതയുമാകുന്നു ഇത്.

Related Articles

Check Also
Close
Back to top button