ErnakulamKeralaLatest

അനധികൃത സ്വത്ത് സമ്പാദനക്കേസ്: സക്കീർ ഹുസൈനെ സിപിഎം സസ്പെൻഡ് ചെയ്തു

“Manju”

 

കൊച്ചി• അനധികൃത സ്വത്തു സമ്പാദനക്കേസിൽ സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ സിപിഎം നടപടി. ആറു മാസത്തേയ്ക്ക് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സക്കീർ ഹുസൈനെ വഹിക്കുന്ന പദവികളിൽ നിന്നു നീക്കാനുള്ള ജില്ലാക്കമ്മറ്റിയുടെ ശുപാർശ പോരെന്നും പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറുമാസം മാറിനിൽക്കണമെന്നും സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ആറു മാസത്തിനു ശേഷം സക്കീർ ഹുസൈൻ പ്രവർത്തിക്കേണ്ട ഘടകം ഏതാണെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. സക്കീർ ഹുസൈനെതിരെ ഉയർന്ന അനധികൃത സ്വത്തുസമ്പാദന പരാതിയിൽ പാർട്ടി നിയോഗിച്ച സി.എം. ദിനേശ്മണി കമ്മിഷന്റെ റിപ്പോർട്ടിൻമേലാണു നടപടി.

സക്കീര്‍ ഹുസൈനെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാര്‍ശ സിപിഎം സംസ്ഥാന െസക്രട്ടേറിയറ്റിൽ പരിഗണനയിലായിരുന്നു‍. ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സക്കീര്‍ ഹുസൈനെതിരെ നടപടിക്കു തീരുമാനമില്ലെന്നായിരുന്നു നേരത്തേ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.പി. മോഹനൻ മാധ്യമങ്ങളോടു പറഞ്ഞത്. എറണാകുളം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ. ശിവന്‍ നല്‍കിയ പരാതിയിലായിരുന്നു സംസ്ഥാന സമിതി അംഗം സി.എം. ദിനേശ് മണി ഉള്‍പ്പെടുന്ന മൂന്നംഗ കമ്മിറ്റി അന്വേഷണം നടത്തുകയും ആരോപണങ്ങളില്‍ സത്യമുണ്ടെന്നു കണ്ടെത്തുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കാനും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനുമാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നെങ്കിലും ജില്ലാക്കമ്മറ്റി ഇതു സമ്മതിക്കാൻ തയാറായില്ല.

തുടർന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നടപടി ഉണ്ടായിട്ടുള്ളത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ കത്ത് ചര്‍ച്ച ചെയ്ത ശേഷമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നടപടിയില്‍ തീരുമാനം എടുത്തത്. പാർട്ടി അംഗങ്ങൾ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നാണു പാർട്ടി നിർദേശം. പാർട്ടി നേതാക്കൾക്ക് ഒന്നിൽ കൂടുതൽ വീടുകൾ പാടില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അത് പാർട്ടിയെ അറിയിക്കണമെന്നുമാണ്. സക്കീർ ഹുസൈൻ 75 ലക്ഷം രൂപ മുടക്കി പുതിയ വീടു വാങ്ങിയതും കളമശേരി മുൻസിപ്പാലിറ്റിയിൽ നാലു നമ്പരുകളിൽ വീടുകളുള്ളതായുമായിരുന്നു പരാതി. ഇത് പാർട്ടി അന്വേഷണത്തിൽ ശരിയാണെന്നു തെളിഞ്ഞതാണ് ഏരിയ സെക്രട്ടറിക്കു വിനയായത്.

നേരത്തേ യുവ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സക്കീര്‍ ഹുസൈനെ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. പിന്നീട് പാര്‍ട്ടി കമ്മീഷന്‍ കുറ്റവിമുക്തനാക്കിയപ്പോള്‍ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ എത്തുകയായിരുന്നു. ചുമതലകളിൽ നിന്നു നീക്കാനുള്ള ജില്ലാക്കമ്മിറ്റി തീരുമാനം പുറത്തു വന്നതോടെ തനിക്കെതിരെ പ്രവർത്തിക്കുന്നത് ഒരു വിവരാവകാശ ഗുണ്ടയാണെന്നും തന്റെ പേരിൽ ഒരു വീടുപോലും ഇല്ലെന്നുമായിരുന്നു സക്കീർ ഹുസൈൻ മാധ്യമങ്ങളോട് അവകാശപ്പെട്ടത്. താൻ ഇപ്പോഴും ഏരിയ സെക്രട്ടറിയാണെന്നും അവകാശപ്പെട്ടിരുന്നു. ഇതു തന്നെ ജില്ലാ സെക്രട്ടറിയും ശരിവച്ചെങ്കിലും പാർട്ടി നടപടി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

Related Articles

Back to top button