LatestThiruvananthapuram

ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുന്നു

“Manju”

തിരുവനന്തപുരം ; രണ്ടു വര്‍ഷത്തിനുശേഷം ഭൂമിയുടെ ന്യായവില സര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിക്കുന്നു. 10- 20% വര്‍ധനയാകാമെന്നാണു ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും റജിസ്ട്രേഷന്‍ വകുപ്പിന്റെയും ശുപാര്‍ശ. വെള്ളിയാഴ്ചത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. അങ്ങനെയെങ്കില്‍ അടുത്തമാസം ഒന്നിനു പുതിയ ന്യായവില നിലവില്‍ വരും. ന്യായവിലയുടെ അഞ്ചിരട്ടിയിലേറെയാണു ശരിക്കുള്ള ഭൂമിവിലയെന്നാണു മുന്‍പു സര്‍ക്കാര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. തുടര്‍ന്നു പല ഘട്ടങ്ങളിലായി ന്യായവില കൂട്ടി വിപണി വിലയ്ക്കൊപ്പം എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പു കണക്കിലെടുത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍‌ വര്‍ധന ഒഴിവാക്കി. അന്നു വേണ്ടിയിരുന്ന 10% വര്‍ധന കൂടി ചേര്‍‌ത്ത് ഇപ്പോള്‍ 20% വരെ വര്‍ധിപ്പിക്കാമെന്ന ശുപാര്‍ശയാണു ധനവകുപ്പിനു ലഭിച്ചിരിക്കുന്നത്. ന്യായവില കൂടുന്നതോടെ ഭൂമിയിടപാടുകളും ഭൂമിവിലയും കുറയാനിടയുണ്ട്. 2010 ലാണ് സംസ്ഥാനത്തു ഭൂമിക്കു ന്യായവില നിശ്ചയിച്ചത്. പലവട്ടം കൂട്ടിയതു കാരണം 2010 ലെ വിലയുടെ 199.65 ശതമാനമായി ഇപ്പോള്‍ ആകെ വര്‍ധന. കണക്കുകൂട്ടാന്‍ എളുപ്പത്തിനായി ഇത് 200% ആയാണു ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

ന്യായവില വര്‍ധനയുടെ ഭാരം സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷന്‍ ഫീസിലുമാണു പ്രതിഫലിക്കുക. ന്യായവിലയുടെ 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്ട്രേഷന്‍ ഫീസുമായാണ് ഇപ്പോള്‍ ഇൗടാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്റ്റാംപ് ഡ്യൂട്ടി ഇൗടാക്കുന്നതു കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇതു ശരാശരി 5% ആണ്. കേരളത്തിലും സ്റ്റാംപ് ഡ്യൂട്ടി 5 % ആയി കുറയ്ക്കണമെന്ന നിര്‍ദേശവും സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. റജിസ്ട്രേഷന്‍ സമയത്തു നല്‍കേണ്ട ആധാരത്തിന്റെ പകര്‍പ്പായ ഫയലിങ് ഷീറ്റ് ഓണ്‍ലൈനാക്കുക, എല്ലാ ആധാരങ്ങള്‍ക്കും ഇസ്റ്റാംപിങ് ഏര്‍പ്പെടുത്തുക എന്നീ പരിഷ്കാരങ്ങളും ഏപ്രില്‍ 1 മുതല്‍ നടപ്പാക്കാന്‍ ആലോചനയുണ്ട്.

 

Related Articles

Back to top button