Uncategorized

പുടിനെ സന്ധിയ്ക്ക് ക്ഷണിച്ച്‌ സെലന്‍സ്കി

“Manju”

റഷ്യന്‍ പ്രസിഡന്റിനെ പുടിനെ സന്ധി സംഭാഷണത്തിന് ക്ഷണിച്ച്‌ യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി. ജറുസലേമില്‍ വച്ച്‌ കൂടിക്കാഴ്ച നടത്താന്‍ സമ്മതമാണെന്നും സെലന്‍സ്കി അറിയിച്ചു.
റഷ്യയ്ക്കും യുക്രൈനും ഇടയില്‍ ഇസ്രയേല്‍ മധ്യസ്ഥം വഹിക്കണമെന്നും സെലന്‍സ്കി ആവശ്യപ്പെട്ടു. എന്നാല്‍ പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാകാതെ ചര്‍ച്ചക്കില്ലെന്നും സെലന്‍സ്കി വ്യക്തമാക്കി. കീവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ സെലന്‍സ്കി അറിയിച്ചത്.
ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന് തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്കായുളള സമവായ ചര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും യുക്രൈന്‍ പ്രസിഡന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ആര് മധ്യസ്ഥശ്രമം നടത്തിയാലും അതിനെ സ്വാഗതം ചെയ്യും’ ഇസ്രയേലിന്റെ ശ്രമങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് യുക്രൈന്‍ പ്രസിഡന്‍റ് മറുപടി നല്‍കി തുടങ്ങിയത് ഇങ്ങനെയാണ്. ‘എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെ ‘ആരും’ എന്ന ഗണത്തില്‍ പെടുത്തുന്നില്ല. ഒരു വലിയ ചരിത്രത്തിന് ഉടമയായ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ അങ്ങയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്’. സെലന്‍സ്കി പറഞ്ഞു.
അതേ സമയം യുദ്ധം തുടങ്ങി പതിനേഴാം ദിവസവും കീവ് ഉള്‍പ്പെടെ യുക്രെയ്‌നിലെ 15 സ്ഥലങ്ങളില്‍ റഷ്യ വ്യാപക ആക്രമണം നടത്തി. മരിയുപോളില്‍ ആളുകള്‍ അഭയം തേടിയിരുന്ന പള്ളിക്ക് നേരെ ഷെല്ലാക്രമണമുണ്ടായി. റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 1300 യുക്രെയ്ന്‍ സൈനികരാണെന്ന് യുക്രൈന്‍ സര്‍ക്കാര്‍ പറഞ്ഞു. ആക്രമണം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യുക്രെയ്നിന്റെ സൈനിക നഷ്ടത്തെ സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടുന്നത്. 600 റഷ്യന്‍ സൈനികരെ ഇതിനോടകം യുക്രൈന്‍ തടവുകാരാക്കിയെന്നും സെലന്‍സ്കി അറിയിച്ചു.
യുക്രെയ്നിലെ മരിയുപോളില്‍ മുസ്ലിം പള്ളിക്ക് നേരെ ഷെല്ലാക്രമണത്തില്‍ 34 കുട്ടികളും സ്ത്രീകളുമടക്കം 84 പേരെ റഷ്യ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. തുറമുഖ നഗരമായ മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രെയ്ന്‍ വ്യക്തമാക്കി.
യുക്രെയ്ന്‍ യുദ്ധത്തിന് റഷ്യന്‍ സൈന്യത്തിലേക്ക് യുവാക്കളെ നിര്‍ബന്ധപൂര്‍വം ചേര്‍ക്കുന്നെന്ന വാര്‍ത്തകള്‍ വന്നതോടെ റഷ്യന്‍ അമ്മമാര്‍ക്ക് സെലന്‍സ്‌കി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കീവിന്‌ വടക്കു പടിഞ്ഞാറ്‌ പ്രദേശങ്ങളില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാണ്. കിഴക്കു പടിഞ്ഞാറന്‍ നഗരമായ മികൊലൈവില്‍ തുടര്‍ ബോംബ്‌ സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെ ഖാര്‍കിവ്‌, സുമി എന്നിവിടങ്ങളിലും സ്‌ഫോടന പരമ്പര അന്ത്യമില്ലാതെ തുടരുകയാണ്.

Related Articles

Back to top button