LatestThiruvananthapuram

ലുലു മാളിന് മുന്നില്‍ പ്രതിഷേധം

“Manju”

തിരുവനന്തപുരം: ലുലു മാളിന് മുന്നില്‍ പ്രതിഷേധം. മാളിലേക്ക് എത്തിയ ജീവനക്കാരെ അകത്തേക്ക് കടത്തിവിടുന്നില്ല. സമരാനുകൂലികള്‍ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുകയാണ്. ജീവനക്കാരെ മടക്കി അയക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് കടകളൊന്നും തുറന്നിട്ടില്ല. ഉള്ളൂരില്‍ തുറന്ന പെട്രോള്‍ പമ്പ് അടപ്പിച്ചു. പൊലീസ് സംരക്ഷണത്തില്‍ തുറന്ന പമ്പാണ് സി ഐ ടി യു അടപ്പിച്ചത്. കെ എസ് ആര്‍ ടി സി ബസുകള്‍ ഇന്നും സര്‍വീസ് നടത്തുന്നില്ല. തിരുവനന്തപുരം ദേശീയ പാതയിലും വാഹനങ്ങള്‍ തടഞ്ഞു.

തിരുവനന്തപുരം പേട്ടയില്‍ ഇരുചക്ര വാഹന യാത്രക്കാരനെ തടഞ്ഞു. എറണാകുളത്തും കോഴിക്കോടും മലപ്പുറത്തും കടകള്‍ അടപ്പിച്ചു. സമരാനുകൂലികള്‍ ഭീഷണിപ്പെടുത്തിയാണ് കടകള്‍ അടപ്പിച്ചതെന്ന് വ്യാപാരികള്‍ ആരോപിച്ചു. തുറന്ന കടകള്‍ നിര്‍ബന്ധമായി അടപ്പിക്കില്ലെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചിരുന്നു.

കോഴിക്കോട് ഭൂരിഭാഗം പെട്രോള്‍ പമ്പുകളും തുറന്നിട്ടില്ല. വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലിക്കെത്തിയവരെ സി ഐ ടി യു തൊഴിലാളികള്‍ തടഞ്ഞു. ബി പി സി എല്ലില്‍ ഇന്നും തൊഴിലാളികളെ തടഞ്ഞു.

സമരം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്നും,​ സമരം തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജോലിക്കെത്തുന്നവരെ സമരാനുകൂലികള്‍ തടയുകയാണ്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം ട്രേഡ് യൂണിയനുകളാണ് 48 മണിക്കൂര്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച അര്‍ദ്ധരാത്രി തുടങ്ങിയ സമരം ഇന്ന് രാത്രി സമാപിക്കും.

Related Articles

Back to top button