InternationalLatest

പാകിസ്താനിൽ ഷെഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച് പ്രതിപക്ഷം

“Manju”

ഇസ്ലാമാബാദ്: പാകിസ്താനിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള രാഷ്‌ട്രീയ നീക്കങ്ങൾ തകൃതി. പ്രധാനമന്ത്രി സ്ഥാനാർത്ഥികളായി പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം പ്രസിഡന്റ് ഷെഹബാസ് ഷെരീഫും ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐക്ക് വേണ്ടി വൈസ് ചെയർമാനും മുൻ വിദേശകാര്യമന്ത്രിയുമായ ഷാ മഹമൂദ് ഖുറേഷിയും നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു.

പ്രതികാരത്തിന്റെ രാഷ്‌ട്രീയമല്ല ലക്ഷ്യം വെയ്‌ക്കുന്നതെന്നും പാകിസ്താനെ മുന്നോട്ടു നയിക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു സംയുക്ത പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം. കഴിഞ്ഞ കാലത്തെ വിദ്വേഷത്തെക്കുറിച്ച് ആലോചിച്ചിരിക്കുകയല്ല, അത് മറന്ന് മുന്നോട്ടുപോകുകയാണ് തന്റെ ലക്ഷ്യമെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. മുൻ പ്രധാനമന്ത്രിയും പിഎംഎൽ നവാസ് വിഭാഗം നേതാവുമായ നവാസ് ഷെരീഫിന്റെ ഇളയ സഹോദരനാണ് ഷെഹബാസ് ഷെരീഫ്.

അതേസമയം ഭരണം അട്ടിമറിക്കാൻ ശ്രമിച്ച വിദേശശക്തികൾക്കെതിരെ പാകിസ്താനിൽ സ്വാതന്ത്ര്യ സമരം ആരംഭിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി പദത്തിൽ നിന്നും പടിയിറങ്ങേണ്ടി വന്ന ഇമ്രാൻ ഖാന്റെ ട്വിറ്ററിലൂടെയുളള പ്രതികരണം. ജനങ്ങളുടെ പരമാധികാരവും ജനാധിപത്യവും സംരക്ഷിക്കാൻ താൻ എപ്പോഴും അവർക്കൊപ്പം ഉണ്ടാകുമെന്നും ഇമ്രാൻ ഖാൻ പ്രതികരിച്ചു.

പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ സെൻട്രൽ കോർ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലും രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യം വിലയിരുത്തി. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സ്വീകരിക്കേണ്ട ഭാവി പരിപാടികളും ചർച്ച ചെയ്തു. അതേസമയം ഷെഹബാസ് ഷെരീഫിന്റെ പത്രികയിൽ തങ്ങൾ ഉന്നയിച്ച ആക്ഷേപങ്ങൾ പരിഗണിച്ചില്ലെങ്കിൽ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പാർലമെന്റംഗങ്ങൾ കൂട്ടത്തോടെ രാജി നൽകുമെന്ന് മുൻ ഇൻഫർമേഷൻ മന്ത്രിയും പിടിഐ നേതാവുമായ ഫവാദ് ചൗധരി പറഞ്ഞു.

ഇന്ന് രണ്ട് മണി വരെയായിരുന്നു പത്രിക സമർപ്പിക്കാൻ ദേശീയ അസംബ്ലി സെക്രട്ടറിയേറ്റ് സമയം അനുവദിച്ചത്. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ പാർലമെന്റ് യോഗം ചേരുക.

Related Articles

Back to top button