KeralaLatest

സ്വത്ത് ലഭിച്ച മക്കള്‍ തിരിഞ്ഞ് നോക്കുന്നില്ല: സ്വത്ത് തിരിച്ച്‌ വേണമെന്ന അപേക്ഷയുമായി വൃദ്ധമാതാവ്

“Manju”

പൊയിനാച്ചി: തന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ മക്കള്‍ക്ക് വീതം വെച്ച്‌ നല്‍കിയതോടെ മക്കള്‍ കൈയൊഴിഞ്ഞു.
തിരിഞ്ഞു നോക്കാതായപ്പോള്‍ ജീവിക്കാന്‍ വകയില്ലാതെ സ്വത്ത് തിരിച്ച്‌ വേണമെന്ന അപേക്ഷയുമായി വൃദ്ധമാതാവ് അധികൃതര്‍ക്ക് മുന്നില്‍. പൊയിനാച്ചി അടുക്കത്ത് വയലിലെ പരേതനായ കുട്ടന്റെ ഭാര്യ കെ.വി.വെള്ളച്ചിയാണ് (96) പരാതിയുമായി കലക്ടറേയും മനുഷ്യാവകാശ കമ്മീഷനേയും വനിതാ കമ്മീഷനേയും സമീപിച്ചത്.
2.91 ഏക്കര്‍ ഭൂമിയുണ്ടായിരുന്ന ഈ മാതാവ് 1998ല്‍ തന്റെ 8 മക്കളില്‍ 7 പേര്‍ക്ക് വീതം വെക്കുകയുണ്ടായി. ഏറ്റവും ഇളയവനായി എം.മധുവിന് അന്ന് സ്വത്ത് ഭാഗിച്ച്‌ നല്‍കിയിരുന്നില്ല. വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്ന് കഴിയുന്ന മധു(52) മാത്രമാണ് അമ്മയ്ക്കു തുണയായുള്ളത്. ‘ഹോം നേഴ്‌സിനെ വെച്ചാണ് ഇപ്പോള്‍ പരിചരിക്കുന്നത്. ഹോംനേഴിസിന്റെ ശമ്ബളം, മതാവിന്റെ ചികിത്സ ചെലവടക്കം ഒരുമാസം നാല്‍പതിനായിരം രൂപയോളം ചെലവ് മധുവിനു വരുന്നുണ്ട്. ഡ്രൈവറായി ജോലിചെയ്തിരുന്ന മധുവിന് പ്രമേഹം പിടിപെട്ടതോടെ കാലിന്റെ വിരല്‍ മുറിച്ച്‌ മാറ്റേണ്ടി വന്നു. അതോടെ ഡ്രൈവിംഗ് ചെയ്യാന്‍ സാധിക്കുന്നില്ല. വൃക്ക സംബന്ധമായ അസുഖം കാരണം മറ്റു ജോലിയും ചെയ്യാനും സാധിക്കുന്നില്ല.
കൃഷിയിലൂടെ വരുമാനം കണ്ടെത്താമെന്നുള്ള ധാരണയില്‍ ഭൂപണയ ബാങ്കില്‍ നിന്ന് 9 ലക്ഷം രൂപ കടമെടുത്ത മധുവിന് അമ്മയുടെ ചികിത്സയും ചെലവും താങ്ങാന്‍ കഴിയാതെ അടവ് മുടങ്ങി വര്‍ഷം ഒന്ന് കഴിഞ്ഞു. മാതാവിന് നാല് ആണ്‍മക്കളും 4 പെണ്‍മക്കളുമാണ് ഉള്ളത്. ആണ്‍മക്കളില്‍ മൂത്തവനും ഒരു മകളും മരിച്ചു’. മരിച്ച മകന് മാതാവ് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനേക്കള്‍ കൂടുതലായി 70 സെന്റ് ഭൂമി നല്‍കിയിരുന്നു. മക്കളും പേരകുട്ടികളുമടക്കം ഈ വൃദ്ധമാതാവിനെ കാണാനോ പരിചരിക്കാനോ തയ്യാറാകുന്നില്ലെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
മുമ്ബ് മെന്റനല്‍സ് ട്രിബ്യൂണലിന് മുമ്ബാകെ പരാതി കൊടുത്തിരുന്നെങ്കിലും മതാവിന്റെ സ്ഥിതിഗതികള്‍ അന്വേഷിക്കുകപോലും ചെയ്യാതെ പരാതി തള്ളിക്കളയുകയായിരുന്നെന്ന് ഇളയമകന്‍ മധു പറഞ്ഞു. വനിതാ കമ്മീഷന് പരാതി നല്‍കുമ്ബോഴാണ് ഉത്തരവിനെ കുറിച്ച്‌ അറിയുന്നത് തന്നെ. തന്നെ പരിചരിക്കാന്‍ തയ്യാറാവാത്ത മക്കള്‍ ചെലവിന് തരാന്‍ ആവശ്യപ്പെട്ടാല്‍ പോലും കൃത്യമായി തരുമെന്ന ഉറപ്പില്ലാത്തതിനാലാണ് ദാനമായി നല്‍കിയ സ്വത്ത് തിരിച്ച്‌ വേണമെന്ന് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച്‌ നാളെ കലക്‌ട്രേറ്റില്‍ അപ്പലേറ്റ് ട്രൈബ്യൂണലിന് മുമ്ബാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button