KeralaLatest

കൊല്ലം -പുനലൂര്‍ പാതയില്‍ ഇനി വൈദ്യുതി ട്രെയിനും മെമുവും

“Manju”

പുനലൂര്‍: കൊല്ലം -പുനലൂര്‍ പാതയില്‍ വൈദ്യുതി ട്രെയിനും മെമുവും ഓടിക്കുന്നതിന്റെ അവസാന പടിയായി കഴിഞ്ഞദിവസം രാത്രി 9.30ന് 25 കെവി വൈദ്യുതി കടത്തിവിട്ട് ലൈന്‍ ചാര്‍ജ് ചെയ്തു. ഇനി പാതയില്‍ ഇലക്‌ട്രിക് എന്‍ജിനുകളും, മെമു സര്‍വീസുകളും ഓടിക്കുന്നതിന് തടസ്സമില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുന്നതിനും കൊല്ലം – പുനലൂര്‍ പാതയില്‍ വൈദ്യുതി എന്‍ജിനുകള്‍ ഉപയോഗിച്ചുള്ള ട്രെയിനുകള്‍ ഓടിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ മധുര ഡിവിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്ലം-ചെങ്കോട്ട പാതയില്‍ കൊല്ലം കടപ്പാക്കട ഓവര്‍ബ്രിജ് വരെയാണ് മധുര ഡിവിഷന്റെ അധികാര പരിധി. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ അടക്കം തിരുവനന്തപുരം ഡിവിഷന്റെ പരിധിയിലാണ്. പാതയില്‍ ഇലക്‌ട്രിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള സര്‍വീസുകളും, മെമു സര്‍വീസുകളും ആരംഭിക്കുന്നതിന് മധുര ഡിവിഷനാണ് അന്തിമ അനുമതി നല്‍കേണ്ടത്.

മെമുവിനു പകരം തിങ്കള്‍ മുതല്‍ പാസഞ്ചര്‍ ട്രെയിന്‍ ആണ് കൊല്ലം-പുനലൂര്‍ പാതയില്‍ സര്‍വീസ് നടത്തിയത്.നേരത്തെ പ്രഖ്യാപിച്ച രാവിലെയുള്ള കൊല്ലം – പുനലൂര്‍ സര്‍വീസ് മെമു ആക്കുകയും പുനലൂര്‍ – മധുര, പുനലൂര്‍ – ഗുരുവായൂര്‍ എന്നീ സര്‍വീസുകള്‍ക്ക് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കുകയും ചെയ്യാം. കൂടാതെ പുനലൂര്‍ – നാഗര്‍കോവില്‍ സര്‍വീസ് മെമു ആക്കി മാറ്റുന്നതിനോടൊപ്പം വൈകിട്ട് ഉണ്ടായിരുന്ന കൊല്ലം – പുനലൂര്‍ സര്‍വീസ് മെമു സര്‍വീസ് ആയി പുനഃരാരംഭിക്കുകയും ചെയ്യാനാകും.

Related Articles

Back to top button