Latest

കശ്മീരിലെ ഭീകരകേന്ദ്രങ്ങൾക്ക് പൂട്ടിടും; കർശന നിർദേശം നൽകി അമിത് ഷാ

“Manju”

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സൈനിക മേധാവി ജനറൽ മനോജ് പാണ്ഡേയും കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരിൽ തുടരുന്ന കൊലപാതകികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആഭ്യന്തരമന്ത്രി, താഴ്‌വരയിൽ താമസിക്കുന്ന കശ്മീരികൾക്കും ഇതര സംസ്ഥാനക്കാർക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് കർശന നിർദേശം നൽകി. പ്രാദേശിക മേഖലകളിൽ ഉൾപ്പെടെ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണം. ഭീകരത പരത്തുന്നവരെ കർശനമായി കൈകാര്യം ചെയ്യണമെന്നും ഒരു കാരണവശാലും തീവ്രവാദ നീക്കങ്ങളും ആശയങ്ങളും വ്യാപിക്കാൻ ഇടയാക്കരുതെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ കശ്മീർ താഴ്‌വരയിലെ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളും ഭീകരകേന്ദ്രങ്ങളും കണ്ടെത്തണമെന്നും ഇവിടങ്ങളിൽ സുരക്ഷാവിന്യാസം ശക്തിപ്പെടുത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ നോർത്ത് ബ്ലോക്കിൽ നടന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ഡയറക്ടർ ജനറൽ സിആർപിഎഫ് കുൽദീപ് സിംഗ്, ബിഎസ്എഫ് അദ്ധ്യക്ഷൻ പങ്കജ് സിംഗ്, കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് എന്നിവരും പങ്കെടുത്തിരുന്നു.

ഇന്നലെ മാത്രം കശ്മീർ താഴ്‌വരയിൽ മൂന്ന് ഭീകരാക്രമണങ്ങളാണ് നടന്നത്. ആക്രമണത്തിൽ ഒരു ബാങ്ക് മാനേജറും ഇതര സംസ്ഥാന തൊഴിലാളിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നേരത്തെ കുൽഗാമിലെ സ്‌കൂൾ അദ്ധ്യാപികയെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. മെയ് മാസം ആരംഭിച്ചതിന് പിന്നാലെയാണ് ഭീകരാക്രമണം തുടർക്കഥയായത്.

Related Articles

Back to top button