IndiaLatest

നാല് വര്‍ഷത്തേക്ക് സൈനികരാകാം

“Manju”
ന്യൂഡല്‍ഹി: സൈനിക റിക്രൂട്ട്‌മെന്റില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്‌ ചൊവ്വാഴ്ച വെളിപ്പെടുത്തി.
വിരമിക്കുന്നത് വരെ, അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകള്‍ അടിമുടി പരിഷ്‌കരിച്ചു. ഹ്രസ്വകാലത്തേക്കും ഇനി സൈനിക സേവനത്തിനായി ചേരാം.
ഇവര്‍ അഗ്നിവീര്‍ എന്നറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു. നാല് വര്‍ഷത്തിന്‌ ശേഷം പിരിഞ്ഞുപോകാം. മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമനം. സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തികബാധ്യതയും പെന്‍ഷന്‍ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
ആറ് മാസ പരിശീലനത്തിന് ശേഷമാവും നാല് വര്‍ഷ നിയമനം. ഈ കാലയളവില്‍ 30,000 മുതല്‍ 40,000 വരെ ശമ്പളവും സൈനികര്‍ക്ക് ലഭിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരായിരിക്കും. അടുത്ത 90 ദിവസത്തിനകം നിയമനം നടത്തുമെന്നും ജൂലായ് 2023 ഓടെ ആദ്യ ബാച്ച് സജ്ജമാകുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. കര, നാവിക, വ്യോമസേനകളിലേക്ക് നിയമനമുണ്ടാകും.

അഗ്നിവീര്‍ സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

11 മുതല്‍ 12 ലക്ഷം രൂപ പാക്കേജിലായിരിക്കും നാല് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ച് വിടുക. പക്ഷെ ഇവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവില്ല പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്. 45,000 പേരെയാണ് നാല് വര്‍ഷ സേവനത്തിനായി ഉടന്‍ റിക്രൂട്ട് ചെയ്യുക.

Related Articles

Back to top button