Kerala

വാനരവസൂരിയെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നു

“Manju”

ലോകത്ത് ഭീതിപടർത്തിയ വാനരവസൂരി ഒടുവിൽ ഇന്ത്യയിലും സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വാനരവസൂരിയെക്കുറിച്ചുള്ള ആശങ്കകൾ ഉയരുകയാണ്. എന്താണ് വാനരവസൂരിയെന്നും രോഗത്തിന്റെ പ്രത്യേകതകളെന്തെല്ലാമെന്നും നോക്കാം..

ലോകത്ത് 50-ലധികം രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുള്ള പകർച്ചവ്യാധിയാണ് വാനരവസൂരി. ഇത് മങ്കിപോക്‌സ് എന്നും അറിയപ്പെടുന്നു. ചിക്കൻപോക്സിനും വസൂരിക്കും സമാനമായ രോഗലക്ഷണങ്ങളാണ് പൊതുവെ മങ്കിപോക്സ് ബാധിതരും പ്രകടിപ്പിക്കുക.

വസൂരി പടർത്തുന്ന വൈറസുകളുടെ കുടുംബത്തിൽ ഉൾപ്പെടുന്ന ഈ പകർച്ചവ്യാധി അപൂർവ്വവും ഗുരുതരവുമായ വൈറൽ രോഗമാണെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. പനി, തലവേദന, പേശീവേദന, ക്ഷീണം, കഴലവീക്കം എന്നിവയാണ് വൈറസ് ബാധയുടെ ആദ്യലക്ഷണം. പിന്നീട് ശരീരം മുഴുവൻ തടിപ്പുകളായാണ് രോഗം പുറത്തുകാണുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടാഴ്‌ച്ചക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗം സ്ഥിരീകരിച്ചാൽ ചിക്കൻപോക്സിന് സമാനമായി രോഗിയിൽ നിന്ന് അകലം പാലിക്കണം.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഈ രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമല്ലെന്നതാണ് വസ്തുത. ലോകത്ത് നിരവധിയാളുകൾക്ക് വാനരവസൂരി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രോഗം ഗുരുതരമായത് വിരളമാളുകൾക്ക് മാത്രമാണ്. മിക്കവർക്കും പനി, ശരീരവേദന, ക്ഷീണം എന്നിവയാണ് പ്രധാനമായും അനുഭവപ്പെടുന്നത്. രോഗം ഗുരുതരമാകുന്നവരുടെ ശരീരത്തിൽ ചിക്കൻപോക്‌സിന് സമാനമായി കുമിളകൾ രൂപപ്പെടും.

കുരങ്ങിൽ നിന്ന് പടരുന്ന വൈറൽ രോഗമാണിതെന്ന് പറയപ്പെടുന്നു. ഇവ എലികളിലും അണ്ണാനിലും നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരുമെങ്കിലും വ്യാപകമായി പടരാനുള്ള സാധ്യത കുറവാണ്. എങ്കിലും രോഗിയുമായി വളരെ അടുത്ത് ഇടപഴകുന്നതിലൂടെ വൈറസ് പടരാം. ശ്വസനത്തിലൂടെയാണ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരുന്നതെന്നാണ് കണ്ടത്തൽ. നിലവിൽ വസൂരിയെ നേരിടാൻ ഉപയോഗിക്കുന്ന വാക്സിനാണ് മങ്കിപോക്സ് ബാധിതർക്കും നൽകുന്നത്. ഇത് 85 ശതമാനം ഫലപ്രദമാണ്. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് വാക്സിൻ നൽകുക.

2022 ജൂലൈ നാല് വരെയുള്ള കണക്ക് പ്രകാരം 6,027 വാനരവസൂരി കേസുകൾ ലോകത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. 1958ൽ ആദ്യമായി കുരങ്ങുകളിലാണ് വാനരവസൂരി കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. 1970ൽ കോംഗോയിൽ മനുഷ്യനിലും ആദ്യമായി സ്ഥിരീകരിച്ചു. പൊതുവെ മരണനിരക്ക് കുറവാണെങ്കിലും രോഗം ഗുരുതരമായി പിടിപെട്ടാൽ യുവാക്കളിൽ പോലും മരണസാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.

Related Articles

Back to top button