Latest

മുൻ പ്രസിഡന്റ് ഗോതബായ രാജപക്സെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുന്നു

“Manju”

കൊളംബോ: പ്രതിഷേധം ഭയന്ന് രാജ്യം വിട്ട മുൻ പ്രസിഡന്റ് ഗോതബായ രാജപക്സെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുന്നു. രാജപക്സെ ഒളിവിലല്ലെന്നും സിംഗപ്പൂരിൽ നിന്ന് അദ്ദേഹം രാജ്യത്തേക്ക് മടങ്ങുമെന്നും കാബിനറ്റ് വക്താവ് ബന്ദുല ഗുണവർധന അറിയിച്ചു. കൊളംബോയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബന്ദുല ഇക്കാര്യം വ്യക്തമാക്കിയത്.

ദ്വീപ് രാഷ്‌ട്രത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ രോക്ഷാകുലരായ ജനം സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് രാജപക്സെ ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്തത്. ആദ്യം മാലിദ്വീപിലേക്ക് പലായനം ചെയ്ത രാജപക്‌സെ അവിടെ നിന്ന് ജൂലൈ 13ന് സിംഗപ്പൂരിലേക്ക് പോവുകയുമായിരുന്നു.

ഒരു സ്വകാര്യ സന്ദർശനത്തിനായി രാജപക്സെക്ക് സിംഗപ്പൂരിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.രാജപക്സെ അഭയം ചോദിച്ചിട്ടില്ല. അദ്ദേഹത്തിന് അഭയം നൽകിയിട്ടില്ലെന്നും സിംഗപ്പൂരിലെ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു. സിംഗപ്പൂർ പൊതുവെ അഭയാർത്ഥി അഭ്യർത്ഥനകൾ അനുവദിക്കാറില്ലെന്നും സിംഗപ്പൂർ എംഎഫ്എ മുമ്പ് വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ശ്രീലങ്കൻ മുൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ഒരു സംഘടന സിംഗപ്പൂർ അറ്റോർണി ജനറലിന് ക്രിമിനൽ പരാതി നൽകി. യുദ്ധങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ആരോപിച്ചാണ് ഇവർ പരാതി നൽകിയത്. ഇന്റർനാഷണൽ ട്രൂത്ത് ആൻഡ് ജസ്റ്റിസ് പ്രോജക്ടിലെ അഭിഭാഷകരാണ് 63 പേജുള്ള പരാതി സമർപ്പിച്ചത്. 2009ൽ ആഭ്യന്തരയുദ്ധത്തിനിടെ രാജപക്സെ ഗുരുതരമായ ലംഘനങ്ങൾ നടത്തിയെന്നും ഇവ കുറ്റകൃത്യങ്ങളാണെന്നും പരാതിയിൽ ഇവർ വാദിക്കുന്നു.

ജൂലൈ 9 ന് പ്രതിഷേധക്കാർ രാഷ്‌ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസിലേക്കും വസതിയിലേക്കും കടന്നു കയറി. തുടർന്ന് കൊളംബോയിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി. രാജ്യം നേരിടുന്ന ഇന്ധന ക്ഷാമവും, മോശമായ സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ജനങ്ങളെ തെരുവിൽ ഇറക്കിയത്. രാജ്യത്ത് നേരിടുന്ന ഇന്ധന ലഭ്യതക്കുറവ് സ്‌കൂളുകളും സർക്കാർ ഓഫീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാൻ നിർബന്ധിതരാക്കി.ആഭ്യന്തര കാർഷിക ഉൽപ്പാദനം കുറഞ്ഞതും വിദേശനാണ്യ ശേഖരത്തിന്റെ അഭാവവും പ്രാദേശിക കറൻസി മൂല്യത്തകർച്ചയും ക്ഷാമത്തിന് ആക്കം കൂട്ടുകയായിരുന്നു.

Related Articles

Back to top button