LatestSports

ഇന്ത്യക്ക് 17-ാം സ്വർണവുമായി ബോക്‌സിംഗിൽ നിഖാത് സരിൻ

“Manju”

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് 17-ാം സ്വർണം. ബോക്‌സിംഗിൽ നീതു ഘൻഘാസും അമിത് പംഗലും സ്വർണം നേടിയതിന് പിന്നാലെയാണ് ഫ്‌ളൈവെയ്റ്റ് കാറ്റഗറിയിൽ ഇന്ത്യയുടെ നിഖാത് സരിൻ സ്വർണം നേടിയത്.

അയർലാൻഡിന്റെ കാർളി മക്‌നൗളിനെ തോൽപ്പിച്ചായിരുന്നു സ്വർണ നേട്ടം. കാർളിയെ ഫൈനലിൽ 5-0 ത്തിനായിരുന്നു നിഖാത് പരാജയപ്പെടുത്തിയത്. സെമിഫൈനലിൽ ഇംഗ്ലണ്ടിന്റെ സ്റ്റൂബ്ലീ ആൽഫിയ സാവന്നയെ തോൽപ്പിച്ചായിരുന്നു 26-കാരിയായ നിഖാത്തിന്റെ ഫൈനൽ പ്രവേശനം. വേൾഡ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് 2022ൽ സ്വർണം നേടിയിരുന്ന നിഖാത്ത് രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയുമായി ഫൈനൽ പോരാട്ടം നടത്തിയത് ഒടുവിൽ വിജയം കാണുകയായിരുന്നു.

ഒരേദിവസം തന്നെ ബോക്‌സിംഗിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. കോമൺവെൽത്തിൽ ഒമ്പതാം ദിനം പിന്നിടുമ്പോൾ ഇന്ന് മാത്രം 14 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. നാല് സ്വർണവും 3 വെള്ളിയും ഏഴ് വെങ്കലവും ഇന്ത്യ കരസ്ഥമാക്കി. ബോക്‌സിംഗിൽ നേരത്തെ 48 കിലോ ഗ്രാം വിഭാഗത്തിൽ ഇംഗ്ലണ്ട് താരത്തെ തോൽപ്പിച്ചായിരുന്നു നീതു സ്വർണം നേടിയത്. 51 കിലോ ഗ്രാം വിഭാഗത്തിൽ അമിത് പംഗലും ഇംഗ്ലണ്ട് താരത്തെ പരാജയപ്പെടുത്തി സ്വർണം സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഗുസ്തിയിലായിരുന്നു ഇന്ത്യ ഇത്തരത്തിൽ സ്വർണവേട്ട നടത്തിയത്.

Related Articles

Back to top button